സ്വര്‍ണം വില്‍ക്കാനല്ല, ആളുകള്‍ക്ക് താത്പര്യം മറ്റൊരു കാര്യത്തില്‍; അടുത്തകാലത്തായി കേരളത്തിലെ ജുവലറികളില്‍ സംഭവിക്കുന്നത്

Friday 31 October 2025 12:01 AM IST

വില വര്‍ദ്ധനയില്‍ ഉപഭോഗം കുറഞ്ഞു

കൊച്ചി: റെക്കാഡുകള്‍ പുതുക്കി വില കുതിച്ചതോടെ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ സ്വര്‍ണ വില്‍പ്പന 16 ശതമാനം ഇടിഞ്ഞ് 209.4 ടണ്ണായി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ ഉപഭോഗത്തില്‍ 31 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ നാണയങ്ങളും ബാറുകളും വാങ്ങുന്നതില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായി. ഇക്കാലയളവില്‍ സ്വര്‍ണ വിലയില്‍ 23 ശതമാനം വര്‍ദ്ധനയുണ്ട്.

നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നതില്‍ 91.6 ടണ്ണിന്റെ വര്‍ദ്ധനയാണുണ്ടായത്. സ്വര്‍ണത്തിന്റെ നിക്ഷേപ മൂല്യം 74 ശതമാനം ഉയര്‍ന്ന് 88,970 കോടി രൂപയായി. വിലയിലുണ്ടായ വര്‍ദ്ധന അംഗീകരിച്ച് ദീര്‍ഘ കാല ആസ്തിയായി ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുകയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍(ഡബ്ള്യു. ജി.സി) ഇന്ത്യ സി.ഇ.ഒ സച്ചിന്‍ ജെയിന്‍ പറഞ്ഞു. ആഗോള തലത്തില്‍ സ്വര്‍ണ ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 1,313 ടണ്ണിലെത്തി.

പഴയ സ്വര്‍ണം മാറ്റാന്‍ തിരക്ക്

വില കുത്തനെ ഉയര്‍ന്നുവെങ്കിലും സ്വര്‍ണം വിറ്റ് പണം വാങ്ങുന്നവരുടെ എണ്ണം കുറയുകയാണെന്ന് ഡബ്ള്യു.ജി.സി പറയുന്നു. പഴയ സ്വര്‍ണം മാറ്റി പുതിയ ആഭരണങ്ങള്‍ വാങ്ങാനാണ് ഉപഭോക്താക്കള്‍ക്ക് താത്പര്യം. സ്വര്‍ണാഭരണങ്ങള്‍ പുതുക്കി വാങ്ങുന്നതില്‍ സെപ്തംബര്‍ പാദത്തില്‍ 40 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ജുവലറികള്‍ പറയുന്നു.

ഇറക്കുമതിയിലും ഇടിവ്

ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ സ്വര്‍ണ ഇറക്കുമതി 37 ശതമാനം ഇടിഞ്ഞ് 194.6 ടണ്ണിലെത്തി. സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്നതില്‍ ഏഴ് ശതമാനം കുറവുണ്ടായി. സ്വര്‍ണം വാങ്ങുന്നതിന് അശുഭ സമയമായി കണക്കാക്കുന്ന ശ്രാദ്ധ കാലം സെപ്തംബറില്‍ വില്‍പ്പന കുറയാന്‍ കാരണമായെന്നും വ്യാപാരികള്‍ പറയുന്നു. ഉത്സവ, വിവാഹ സീസണ്‍ തുടങ്ങിയതോടെ വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ. നടപ്പുവര്‍ഷം മൊത്തം ഉപഭോഗം 700 ടണ്ണിലെത്തുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.

ജനുവരി -സെപ്തംബര്‍ കാലയളവിലെ സ്വര്‍ണ ഉപഭോഗം - 462.4 ടണ്‍

ആഭരണ വില്‍പ്പന 31 ശതമാനം ഇടിഞ്ഞ് 117.7 ടണ്ണിലെത്തി