ബില്ലുകളി​ൽ വലഞ്ഞ് അങ്കണവാടി അദ്ധ്യാപകർ

Friday 31 October 2025 12:16 AM IST

കൊല്ലം: തുച്ഛ വേതനക്കാരായ അങ്കണവാടി അദ്ധ്യാപി​കമാരെ പ്രതിസന്ധിയിലാക്കി വൈദ്യുതി​, കുടിവെള്ളം, പാചക വാതകം എന്നിവയുടെ പണം കുടിശ്ശി​കയാകുന്നത് പതിവായി​. ആറ് മാസത്തെ വരെ തുക പഞ്ചായത്തുകളിൽ നിന്നു വലിയൊരു വിഭാഗം അദ്ധ്യാപകർക്ക് ലഭിക്കാനുണ്ട്. നിലവിൽ 13,000 രൂപയാണ് അങ്കണവാടി അദ്ധ്യാപകരുടെ പ്രതിമാസ വേതനം. 500 രൂപ ക്ഷേമനിധി വിഹിതവും കഴിഞ്ഞ് 12,500 രൂപ മാസം കൈയിൽ കിട്ടും. അതിൽ നിന്നാണ് എല്ലാ മാസവും വിവിധ ബില്ലുകൾ അടയ്ക്കുന്നത്. രണ്ടായിരം മുതൽ 3000 രൂപ വരെയാണ് ഓരോ മാസവും മൂന്നിനങ്ങളി​ൽ ചെലവാകുന്നത്. എല്ലാ മാസത്തിന്റെയും അവസാനം കൃത്യമായി ബില്ലുകൾ പഞ്ചായത്തിനും ഐ.സി.ഡി.എസിനും നൽകുമെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് പണം തിരികെ ലഭിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കാനും വലിയ തുക അദ്ധ്യാപി​കമാരുടെ കീശയിൽ നിന്നു ചോരുന്നുണ്ട്.