ശ്രീനാരായണഗുരു ഓപ്പൺ യൂണി. സോണൽ കലോത്സവം

Friday 31 October 2025 12:33 AM IST

കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ള 11 കേന്ദ്രങ്ങളിലെ പഠിതാക്കൾ ഉൾപ്പെടുന്ന, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സോണൽ കലോത്സവം നവംബർ 15, 16 തീയതികളിൽ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ നടക്കും. 18 മുതൽ 80 വയസുവരെയുള്ളവർ മത്സരിക്കും.

സാഹിത്യ രചന മത്സരങ്ങളും കലാ മത്സരങ്ങളിലെ വ്യക്തിഗത ഇനങ്ങളുമാണ് സോണൽ കലോത്സവത്തിൽ നടക്കുന്നത്. ഇവിടെ ജയിക്കുന്നവർക്ക് നവംബർ 28 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാം. തിരുവാതിര, ഒപ്പന, നാടൻപാട്ട്, സ്കിറ്റ് അടക്കമുള്ള ഗ്രൂപ്പ് മത്സരങ്ങൾ സോണൽ തലത്തി​ൽ ഇല്ല. ഇവർക്ക് നേരിട്ട് യൂണിവേഴ്സിറ്റി കലോത്സവത്തിൽ മത്സരിക്കാം. 50 ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററുകളിലായി നിലവിൽ 76000 പഠിതാക്കളാണ് യൂണിവേഴ്സിറ്റിക്കുള്ളത്. അഞ്ച് സോണൽ തല മത്സരങ്ങൾ നടത്താനാണ് നിശ്ചയിച്ചിട്ടുളളത്.

കഥകളിയുമുണ്ട്

103 ഇനങ്ങളിലാണ് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി കലോത്സവം നടത്തിയത്. ഇക്കുറി കഥകളിയുമുണ്ടാവും. കലോത്സവ നിയമാവലി പൂർത്തീകരണ ഘട്ടത്തിലാണ് കഥകളി കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം ലഭിച്ചത്. രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്.

ലോഗോ മത്സരം

കോഴിക്കോട് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ പഠിതാക്കൾക്കാണ് അവസരം. നവംബർ 5ന് മുൻപായി kalotsavam@sgou.ac.in എന്ന ഇ മെയിലിൽ ലോഗോ ലഭിക്കണം. തിരഞ്ഞെടുക്കുന്നവയ്ക്ക് സമ്മാനം ലഭി​ക്കും.