തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടിപിടി ഒഴിവാക്കാൻ അടിത്തട്ടിൽ സംയമനം

Friday 31 October 2025 12:33 AM IST

തദ്ദേശ സ്ഥാനാർത്ഥി​യായി​ ഒരു പേരുമാത്രം നി​ർദ്ദേശി​ക്കണമെന്ന് നി​ബന്ധന

കൊല്ലം: സ്ഥാനാർത്ഥി മോഹികളെ സംയമന ചർച്ചകളിലൂടെ മെരുക്കി വാർഡ്, ഡിവിഷൻ തലങ്ങളിൽ നിന്ന് മത്സര രംഗത്തേക്ക് ഒരേയൊരാളിന്റെ പേര് നിർദ്ദേശിക്കണമെന്ന നിബന്ധനയുമായി കോൺഗ്രസ് നേതൃത്വം. ഇതിനൊപ്പം വിമതരെ വരുതിയിലാക്കാനുള്ള ശ്രങ്ങൾക്കും തുടക്കമായിട്ടുണ്ട്.

നവംബർ അഞ്ചിനകം സീറ്റ് വിഭജനം പൂർത്തിയാക്കും. സ്ഥാനാർത്ഥി നിർണയവും ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയും ഒരുമിച്ച് മുന്നേറുകയാണ്. തർക്കങ്ങളില്ലാത്ത വാർഡുകൾ ഉൾപ്പെടുത്തി നവംബർ ആദ്യവാരം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചേക്കും. പഞ്ചായത്ത് വാർഡ് കമ്മിറ്റികൾ പഞ്ചായത്ത് സമിതിക്കും മുനിസിപ്പൽ ഡിവിഷൻ കമ്മിറ്റികൾ മുനിസിപ്പൽ സമിതിക്കുമാണ് സ്ഥാനാർത്ഥി ലിസ്റ്റ് നൽകുന്നത്. ഒന്നിലധികം പേർ രംഗത്തുണ്ടെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമ്മിറ്റികൾ സമവായത്തിലൂടെ ഒറ്റപ്പേരിന് ശ്രമിക്കും. പരാജയപ്പെട്ടാൽ ജില്ലാ കോർ കമ്മിറ്റിക്ക് വിടും.

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥി പട്ടിക മണ്ഡലം കമ്മിറ്റികൾ തയ്യാറാക്കി ജില്ലാ കോർ കമ്മിറ്റിക്ക് കൈമാറും. ഘടക കക്ഷികൾക്ക് മികച്ച സ്ഥാനാർത്ഥികളില്ലാത്ത സംവരണ ഡിവിഷനുകൾ കോൺഗ്രസ് ഏറ്റെടുത്ത് പകരം സീറ്റ് നൽകുന്നതിലും ആലോചന നടക്കുന്നുണ്ട്. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാ‌ർത്ഥികളെ ജില്ലാ നേതൃത്വം നേരിട്ട് തീരുമാനിക്കും.

ഗ്രൂപ്പുകളെ പരിഗണിക്കും

കാലുവാരൽ ഒഴിവാക്കാൻ ഗ്രൂപ്പുകൾക്കെല്ലാം അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കും. പക്ഷേ, വിജയ സാദ്ധ്യതയുടെ കാര്യത്തിൽ വീട്ടുവീഴ്ച ഉണ്ടാകില്ല. യു.ഡി.എഫ് ഇത്തവണ വലിയ സാദ്ധ്യത പ്രതീക്ഷിക്കുന്നതിനാൽ ഒതുങ്ങാത്ത വിമതരുമായി ജില്ലാ, സംസ്ഥാന നേതാക്കൾ നേരിട്ട് ചർച്ച നടത്തും. ഘടക കക്ഷികൾക്ക് നൽകുന്ന സീറ്റുകളിൽ ഒരു കാരണവശാലും വിമതരെ അനുവദിക്കില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.

40 പഞ്ചായത്തുകൾ, അഞ്ച് നഗരസഭകൾ

 ജില്ലയിൽ നിലവിൽ യു.ഡി.എഫ് ഭരണം 22 പഞ്ചായത്തുകളിൽ

 പരവൂർ മുനിസിപ്പാലിറ്റിയിൽ ചെയർപെഴ്സൺ കോൺഗ്രസ്, പക്ഷേ ഭൂരിപക്ഷമില്ല

 ചെയർപേഴ്സൺ സ്ഥാനം ലഭിച്ചത് നറുക്കെടുപ്പിലൂടെ

 ബാക്കിയെല്ലാ നഗരസഭകളിലും എൽ.ഡി.എഫ്

 യു.ഡി.എഫിന് ആകെ 3 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ

 ഇത്തവണ 40 പഞ്ചായത്തുകളും അഞ്ച് നഗരസഭകളും പിടിക്കുമെന്ന് കോൺഗ്രസ്

 കൊല്ലം കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറുമെന്ന് അവകാശവാദം

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും ഇത്തവണ കോൺഗ്രസ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. മികച്ച വിജയ സാദ്ധ്യതയാണ് മൂന്നു തലങ്ങളിലും പ്രതീക്ഷിക്കുന്നത്

കോൺഗ്രസ് നേതാക്കൾ