അസുരമംഗലത്തെ 'മണികണ്ഠൻ' മയിലാട്ടം!
നാട്ടുകാരുടെ പ്രിയ തോഴനായി മണികണ്ഠൻ മയിൽ
കൊല്ലം: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള അസുരമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ സ്ഥിരവാസിയായ മണികണ്ഠൻ മയിൽ അഞ്ചൽ അസുരമംഗലത്തുകാരുടെ ഇഷ്ടക്കാരനായിട്ട് രണ്ടാണ്ട് കഴിഞ്ഞു. എല്ലാ ദിവസവും വൈകിട്ട് അഞ്ചോടെ മണികണ്ഠൻ പ്രദേശത്ത് പറന്നിറങ്ങും. കപ്പലണ്ടിയും കടലയുമടക്കം കരുതിവച്ചാണ് നാട്ടുകാർ സ്വീകരിക്കുന്നത്. കൈവെള്ളയിൽ നിന്നുപോലും കൊത്തിയെടുക്കാൻ കക്ഷിക്ക് യാതൊരു പേടിയുമില്ല.
നൂറുകണക്കിന് മയിലുകൾ പ്രദേശത്ത് വരാറുണ്ട്. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ അവ പറപറക്കും. എന്നാൽ എത്ര ആൾക്കൂട്ടം കണ്ടാലും മണികണ്ഠന് പേടിയില്ല. ആരാണ് പേരിട്ടതെന്നറിവില്ല.പക്ഷേ എല്ലാവരും മണികണ്ഠനെന്നാണ് വിളിക്കാറ്. വിളി കേട്ടാൽ തല ഉയർത്തി നോക്കും. കഴിക്കാൻ എന്തെങ്കിലും കൊടുത്താൽ ഓടി അടുത്തെത്തി കൊത്തിത്തിന്നും. കുട്ടികൾക്കും മുതിർന്നവർക്കും മണികണ്ഠനുമായുള്ള സൗഹൃദം രസാനുഭവങ്ങളാണ്. സന്ധ്യ മയങ്ങിയാൽ ഇദ്ദേഹം എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും നിശ്ചയവുമില്ല!
കൃത്യ സമയം
അഞ്ച് മണിയോടെ എത്തുന്ന പതിവ് മണികണ്ഠൻ തെറ്റിക്കില്ല. ആ വരവ് പ്രതീക്ഷിച്ച് സമീപത്തെ കടത്തിണ്ണയിൽ ആരെങ്കിലുമൊക്കെ ഉണ്ടാകും. ഉള്ളത് കൊത്തിത്തിന്ന ശേഷം ക്ഷേത്രത്തിന് സമീപത്ത് ഇത്തിരി നേരം വിശ്രമം. ഇതിനിടെ ആര് വിളിച്ചാലും മണികണ്ഠൻ ഓടി അടുത്തെത്തും. ആറര കഴിഞ്ഞാൽ മടക്കം. ഇടയ്ക്ക് മഴക്കാറുകണ്ടാൽ പീലികൾ നിവർത്തി നൃത്തം ചെയ്യും. നല്ല നീളമുള്ളതാണ് പീലികൾ.