മെൽബണിൽ ഇന്ന് രണ്ടാമങ്കം

Friday 31 October 2025 1:11 AM IST

ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ട്വന്റി-20 ഇന്ന് മെൽബണിൽ

1.45 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്

മെൽബൺ : കാൻബറയിലെ കളി മഴ കൊണ്ടുപോയതിന്റെ നിരാശമാറ്റാൻ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് മെൽബണിൽ ഇറങ്ങുന്നു. അഞ്ചു ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരമാണ് ഇന്ന്.ആദ്യ മത്സരത്തിൽ ഇന്ത്യ 97/1 എന്ന നിലയിലെത്തിയപ്പോൾ മഴമൂലം കളി ഉപേക്ഷിച്ചിരുന്നു.

ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ട്വന്റി-20 ഫോർമാറ്റിൽ നിലവിലെ ലോകകപ്പ് ജേതാക്കൾക്ക് ചേർന്ന പ്രകടനം ഓസ്ട്രേലിയൻ മണ്ണിൽ പുറത്തെടുക്കാനുള്ള വാശിയോടെയാണ് എത്തിയിരിക്കുന്നത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ഏഷ്യാകപ്പിലേതുപോലെ മദ്ധ്യനിരയിലാണ് സഞ്ജുവിന് സ്ഥാനമെന്ന് ആദ്യ മത്സരത്തിൽ തെളിഞ്ഞിരുന്നു. അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് കാൻബറയിൽ ഓപ്പണിംഗിന് ഇറങ്ങിയത്. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നീ ബൗളർമാരെ കാൻബറയിൽ ഇന്ത്യ അണിനിരത്തിയിരുന്നു.ഹർഷിത് റാണയ്ക്കും കോച്ച് ഗംഭീർ അവസരം നൽകിയിരുന്നു.

മിച്ചൽ മാർഷ് തന്നെയാണ് ട്വന്റി-20യിലും ഓസീസിനെ നയിക്കുന്നത്.ട്രാവിസ് ഹെഡ്,ജോഷ് ഇൻഗിലിസ്,സ്റ്റോയ്നിസ്,ഹേസൽവുഡ് തുടങ്ങിയ മികച്ച താരങ്ങൾ ഓസീസ് നിരയിലുണ്ട്.

സാദ്ധ്യത ഇലവനുകൾ

ഇന്ത്യ

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്ടൻ),തിലക് വർമ്മ, സഞ്ജു സാംസൺ,ശിവം ദുബെ, അക്ഷർ പട്ടേൽ.ഹർഷിത് റാണ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

ഓസ്ട്രേലിയ

മിച്ചൽ മാർഷ് (ക്യാപ്ടൻ), ട്രാവിസ് ഹെഡ്,ജോഷ് ഇൻഗിലിസ്,ടിം ഡേവിഡ്,മിച്ചൽ ഓവൻ,സ്റ്റോയ്നിസ്,ജോഷ് ഫിലിപ്പ്, സേവ്യർ ബാലെറ്റ്, നഥാൻ എല്ലിസ്, മാത്യു ക്യൂനേമാൻ, ജോഷ് ഹേസൽവുഡ്.

90000

പേർ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.