ശാസ്ത്ര ലോകത്തിന് ഇന്ന് സമാപനം, ഇന്ന് പ്രവൃത്തി പരിചയ മേള
കോട്ടയ്ക്കൽ: നൂതന കണ്ടുപിടിത്തങ്ങളും ആശയങ്ങളും അറിവുകളും ഇടകലർത്തി കുട്ടിശാസ്ത്രഞ്ജരെത്തിയ മലപ്പുറം ജില്ലാ റവന്യൂ ശാസ്ത്രോൽവം ഇന്ന് സമാപിക്കും. എ.ഐ സാങ്കേതിക വിദ്യയെയും ചാറ്റ് ജി.പി.ടിയെയും കൂട്ടുപിടിച്ചാണ് ഭൂരിഭാഗം പേരും മേളയിലെത്തിയത്. വർക്കിംഗ്, സ്റ്റിൽ മോഡലുകളിൽ നൂതന ആശയങ്ങളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. ഉരുൾപ്പൊട്ടലും മണ്ണൊലിപ്പും തടയാനുള്ള സംവിധാനം, മെഡിക്കൽ രംഗത്തെ എ.ഐ സാദ്ധ്യത, വീടുകളിലെ സുരക്ഷാ മാർഗങ്ങൾ, യുദ്ധ ഭൂമിയുടെ നേർക്കാഴ്ച്ച, മാലിന്യ സംസ്ക്കരണത്തിലെ നൂതന മാർഗം എന്നിങ്ങനെ പോകുന്നു ശാസ്ത്ര വെളിച്ചം. മേളയുടെ അവസാന ദിനമായ ഇന്ന് പ്രവൃത്തി പരിചയ മേളയാണ് നടക്കുന്നത്. എട്ട് പുതിയ ഇനങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളാണ് പ്രവർത്തി പരിചയ മേളക്കെത്തുന്നത്.
2,380 വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റ്; ചാപ്പനങ്ങാടി ചാമ്പ്യൻ
റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിലെ വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റ് സമാപിച്ചപ്പോൾ 34 പോയിന്റോടെ പി.എം.എസ്.എ വി.എച്ച്.എസ്.ഇ ചാപ്പനങ്ങാടി ചാമ്പ്യൻമാരായി. 33 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ 30 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് അലനല്ലൂർ സ്‌കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.