സേവനാവകാശത്തിന് ഒപ്പ്, മൂന്ന് ബില്ല് ഗവർണർ പഠിക്കാൻ മാറ്റി
തിരുവനന്തപുരം: നിയമസഭ പാസാക്കിയ പൊതുസേവനാവകാശ ബില്ലിൽ ഗവർണർ ആർ.വി. ആർലേക്കർ ഒപ്പിട്ടു. മലയാള ഭാഷാബിൽ, പഞ്ചായത്ത്- മുനിസിപ്പാലിറ്റി നിയമഭേദഗതി ബിൽ എന്നിവ കൂടുതൽ പഠനത്തിനായി മാറ്റിവയ്ക്കാൻ ഗവർണർ നിർദ്ദേശിച്ചു. ഇവയിൽ നിയമോപദേശം തേടുമെന്നാണ് സൂചന.
എല്ലാവർക്കും പൊതു സേവനങ്ങൾ ഉറപ്പാക്കുന്നതിനും സേവനം നിഷേധിക്കപ്പെടുകയോ കാലതാമസം ഉണ്ടാവുകയോ ചെയ്താൽ പരാതി പരിഹരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് സേവനാവകാശ ബിൽ. ഗവർണർ ബില്ലിന് അനുമതി നൽകിയതോടെ സർക്കാർ ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ഉദ്യോഗസ്ഥർക്ക് പിഴ ശിക്ഷ വിധിക്കാനാവും. അതിന് അധികാരമുള്ള കമ്മിഷൻ രൂപീകരിക്കാം. അപേക്ഷകളിൽ നിശ്ചിത സമയത്തിനകം തീർപ്പുകൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുതലത്തിലായി അപ്പീൽ നൽകാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 2000 മുതൽ 15000 രൂപ വരെ പിഴ വിധിക്കാനും സാധിക്കും.
ഇതുപ്രകാരം ഓരോ സേവനത്തിനും ഒരു നിശ്ചിത ഉദ്യോഗസ്ഥനെയും രണ്ട് തട്ടുകളിലുള്ള അപ്പീൽ അധികാരികളെയും ചുമതലപ്പെടുത്തും. നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭിക്കാതെ വന്നാൽ രണ്ട് അപ്പീൽ അധികാരികൾക്കും പരാതിപ്പെടാം. അവിടെയും അപ്പീൽ തള്ളുകയാണെങ്കിൽ, വിഷയം പരിഗണിക്കാനായി കേരള സംസ്ഥാന സേവനാവകാശ കമ്മിഷൻ രൂപീകരിക്കും. സർക്കാർ ഔഫീസുകളിൽ ലക്ഷക്കണക്കിന് ഫയലുകൾ കെട്ടികിടക്കുന്ന സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്.