കേരളത്തിൽ ഖത്തറിന് വൻ നിക്ഷേപ അവസരങ്ങൾ:ജെ.കെ.മേനോൻ
ദോഹ (ഖത്തർ): കേരളത്തിന്റെ നിക്ഷേപ സൗഹൃദനയങ്ങളും വ്യവസായ സാദ്ധ്യതകളും ഖത്തറിന്റെ ബിസിനസ് മേഖലയ്‌ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ പറഞ്ഞു. നിക്ഷേപ അവസരങ്ങൾ കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകമാകും. ഒട്ടേറെ മലയാളികൾ ജോലിചെയ്യുന്ന ഖത്തറുമായി സംസ്ഥാനത്തിന് ഊഷ്മളമായ സാസ്‌കാരിക ബന്ധമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഖത്തറിലെ അന്താരാഷ്ട്ര സഹകരണ മന്ത്രി മറിയം ബിൻ അലി ബിൻ നാസർ അൽ മിസ്‌നാദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജെ.കെ.മേനോൻ പറഞ്ഞത്.കേരളത്തിലെ നിക്ഷേപ സാദ്ധ്യതകൾ,സാമൂഹ്യ ക്ഷേമ പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് മുഖ്യമന്ത്രിയും വിശദീകരിച്ചു. ഉഭയകക്ഷി സഹകരണം,ഖത്തറിന്റെ ബിസിനസ് രംഗത്ത് ഇടപെടാൻ സംസ്ഥാനത്തെ സംരംഭകർക്കുള്ള അവസരങ്ങൾ എന്നിവ വിലയിരുത്തി.ലോകസമാധാനത്തിനും മാനുഷിക മൂല്യങ്ങൾക്കും ഖത്തർ നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി പ്രശംസിച്ചു. മറിയം അൽ മിസ്‌നാദിന് കേരളത്തിന്റെ പ്രത്യേക ഉപഹാരം മുഖ്യമന്ത്രി കൈമാറി.ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് എന്നിവരും പങ്കെടുത്തു.