ബാബു സുഭാഷ് ചന്ദ്രൻ: കൈപ്പുണ്യമുള്ള ഡോക്ടർ
തിരുവനന്തപുരം: രോഗികളോട് കരുണയും ആർദ്രതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു ഡോ. ബാബു സുഭാഷ് ചന്ദ്രന്റേത്. സ്വകാര്യ പ്രാക്ടീസ് നടത്താത്ത അപൂർവം ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. കുന്നുകുഴി ആർ.സി ജംഗ്ഷനിലെ ലക്ഷ്മി നിവാസിന് മുന്നിൽ അദ്ദേഹം ബോർഡ് സ്ഥാപിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ കൈപുണ്യമറിഞ്ഞ് രോഗികൾ വീട്ടിലെത്താറുണ്ടായിരുന്നു. ചികിത്സ നൽകുമെങ്കിലും പണം വാങ്ങില്ല.
കൊല്ലം പട്ടത്താനത്താണ് ബാബു സുഭാഷ് ചന്ദ്രൻ ജനിച്ചത്. പ്രാരംഭ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കുടുംബത്തോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം, തുടർപഠനം നടത്തിയത് തലസ്ഥാനത്തായിരുന്നു. മണിപ്പാലിലായിരുന്നു എം.ബി.ബി.എസ് ആദ്യ വർഷ പഠനം. തുടർന്ന് ട്രാൻസ്ഫർ വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുകയായിരുന്നു. സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ ജോലി നേടി. പിന്നീട് യു.കെയിൽ ഉപരിപഠനത്തിനായി പോയി. അഞ്ചുവർഷത്തിനുശേഷം മടങ്ങിയെത്തി വീണ്ടും സർവീസിൽ പ്രവേശിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് പ്രൊഫസറായി വിരമിച്ച ശേഷമാണ് കോസ്മോ പൊളിറ്റൻ ഹോസ്പിറ്റലിലെ പാർട്ണറായത്. പിന്നീട് ഡയറക്ടർ ബോർഡിലുമെത്തി. അവസാന കാലത്തും മെഡിക്കൽ പ്രൊഫഷനോട് വല്ലാത്ത അഭിനിവേശമായിരുന്നു. അസുഖബാധിതനായിട്ടും സ്വയം കാറോടിച്ചാണ് കോസ്മോ പൊളിറ്റൻ ആശുപത്രിയിലെ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയിരുന്നത്.
ചിത്രകലയോടും ഫോട്ടോഗ്രാഫിയോടും താത്പര്യമുണ്ടായിരുന്ന അദ്ദേഹം, സ്‌കൂൾ പഠനകാലത്ത് വരച്ച പെയിന്റിംഗ് കേരളകൗമുദിക്ക് അയച്ചുകൊടുക്കുകയും ആഴ്‌ചപ്പതിപ്പിന്റെ മുഖചിത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. തിരക്കുകാരണം പാതിവഴിയിൽ ഉപേക്ഷിച്ച ഈ താത്പര്യം അടുത്തകാലത്ത് വീണ്ടും പൊടിതട്ടിയെടുത്തിരുന്നു.