വൈക്കത്ത് കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു, കൊട്ടാരക്കരയിലെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം
Friday 31 October 2025 8:51 AM IST
കോട്ടയം: വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഒറ്റപ്പാലം സ്വദേശിയുമായ അമൽ സൂരജാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് സുഹൃത്തിനെ കാണാൻ പോയതായിരുന്നു അമൽ.
കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിൽ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.