കേരളത്തിലുള്ള 2,133  കോടി രൂപയിൽ നിങ്ങളുടെ പണവും കാണും, വളരെ എളുപ്പത്തിൽ തിരിച്ചെടുക്കാം

Friday 31 October 2025 10:51 AM IST

പാലക്കാട്: കേരളത്തിൽ അവകാശികളില്ലാതെ ബാങ്കിൽ കിടക്കുന്നത് 2,133.72 കോടിരൂപ. ദേശസാൽകൃത ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. രാജ്യത്താകെ അവകാശികളില്ലാത്ത തുക 1.82 ലക്ഷം കോടിരൂപയാണ്.

പത്തുവർഷത്തിലേറെയായി ഒരുതരത്തിലുള്ള ഇടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്തതായി കണക്കാക്കുന്നത്. റിസർവ് ബാങ്കാണ് ഇത്തരം അക്കൗണ്ടുകളെ നിയന്ത്രിക്കുന്നത്.

അക്കൗണ്ടുള്ളവർ മരണപ്പെടുകയോ വിദേശത്തുപോവുകയോ ചെയ്യുമ്പോഴാണ് സാധാരണ ഇടപാടുകൾ മുടങ്ങുന്നത്. അക്കൗണ്ടുകൾ എടുക്കുമ്പോൾ അവകാശിയായി (നോമിനിയായി) അടുത്ത ബന്ധുവായ ഒരാളെ വയ്ക്കാറുണ്ട്. അക്കൗണ്ടുടമ മരണപ്പെട്ടാൽ ഇയാൾക്കാണ് അവകാശം. അക്കൗണ്ടിൽ പണമുള്ളതിനെക്കുറിച്ച് ഇയാൾക്കും അറിവുണ്ടാവില്ല. അതിനാലാവും അവർ ക്ലെയിം ചെയ്യാൻ എത്താത്തത്.

നേരത്തേയും അവകാശികളില്ലാത്ത അക്കൗണ്ടുകൾ കണ്ടെത്താറുണ്ടെങ്കിലും കൊവിഡിനുശേഷമാണ് ഇത്തരം അക്കൗണ്ടുകളുടെ എണ്ണം കൂടിയത്. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്താൻ റിസർവ് ബാങ്ക് പ്രത്യേക വെബ് പോർട്ടലും പുറത്തിറക്കിയിരുന്നു. പണം അവകാശികൾക്ക് മടക്കിക്കൊടുക്കാനായി പ്രത്യേക ക്യാംപെയിനും നടത്തിയിരുന്നു. അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളുമായി എത്തുന്നവർക്ക് പണം ലഭിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ ബാങ്കുകാർ തന്നെ നൽകും.

ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ്, ഓഹരി, മൂച്വൽ ഫണ്ട് നിക്ഷേപം, നാഷണൽ പെൻഷൻ സിസ്റ്റം എന്നിവയിലെല്ലാമുള്ള അവകാശികളില്ലാത്ത പണം കണ്ടെത്താം. ഉടമയുടെ പേര്, ജനനതീയതി, പാൻ നമ്പർ എന്നിവയുടെ സഹായത്തോടെയാണ് ഇവ കണ്ടെത്തുന്നത്. ബന്ധപ്പെട്ട ഓഫീസുകളിലെത്തിയാൽ ഇതിനുവേണ്ട മാർഗ നിർദ്ദേശങ്ങൾ ലഭിക്കും.