ഓടുന്ന സ്കൂട്ടറിൽ ബ്രേക്കിനിടയിൽനിന്ന് പൊങ്ങിയത് വിഷമുള്ള കൂറ്റൻ 'അതിഥി', അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Friday 31 October 2025 11:34 AM IST

കാസർകോട്: റോഡിലൂടെ സാമാന്യം വേഗത്തിൽ മുന്നോട്ടുപോകുന്ന സ്കൂട്ടർ. വേഗത കുറയ്ക്കാൻ ബ്രേക്കുപിടിച്ചു. എന്തോ അസ്വാഭാവികത തോന്നി ബ്രേക്കിലേക്ക് നോക്കിയപ്പോൾ കണ്ടത് ഉഗ്രനൊരു വിഷപ്പാമ്പിനെ. ഒന്നുപേടിച്ചെങ്കിലും മനാേധൈര്യം കെവിടാതെ വീണ്ടും ബ്രേക്കുപിടിച്ച് വണ്ടി നിറുത്തി പുറത്തിറങ്ങി. പടന്നക്കാട് നെഹ്റു കോളേജിലെ ചരിത്രവിഭാഗം അദ്ധ്യാപിക തൈക്കടപ്പുറം സ്വദേശി ഷറഫുന്നീസയാണ് പാമ്പിന്റെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. കോളേജിൽ നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെവച്ചായിരുന്നു സംഭവം.

തൈക്കടപ്പുറത്തെ വീട്ടിൽനിന്ന് സ്കൂട്ടറിലാണ് ഇവർ സ്ഥിരമായി കോളേജിലേക്ക് പോകുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കുറച്ചുദൂരം കഴിഞ്ഞ് ബ്രേക്കുപിടിച്ചപ്പോഴാണ് വലതുഭാഗത്താണ് പാമ്പിനെ കണ്ടത്. ഇനി മുന്നോട്ടുപോകുന്നത് അപകടമാണെന്ന് വ്യക്തമായതോടെ വണ്ടിനിറുത്തി പുറത്തിറങ്ങാൻ തീരുമാനിച്ചു. വലതുഭാഗത്തെ ബ്രേക്കുപിടിച്ചാൽ പാമ്പിന് പരിക്കേൽക്കുകയും അത് ആക്രമണകാരിയായി മാറുമെന്നും മനസിലാക്കിയ ഷറഫുന്നീസ ഇടതുഭാഗത്തെ ബ്രേക്കുപിടിച്ച് നിറുത്തി വണ്ടിയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്നവർ മെക്കാനിക്കിനെ വിളിച്ചുവരുത്തി. അവരെത്തി വണ്ടിയുടെ ബോഡി മാറ്റിയപ്പോഴാണ് ഉള്ളിൽ നല്ല വലിപ്പമുള്ള വിഷപ്പാമ്പിനെ കണ്ടത്. പാമ്പ് സ്കൂട്ടറിനകത്ത് എങ്ങനെ കയറിപ്പറ്റിയെന്ന് വ്യക്തമല്ല. സ്കൂട്ടറിനുമുന്നിലുള്ള വിടവിലൂടെ അകത്ത് കടന്നതാകാം എന്നാണ് കരുതുന്നത്.

ഇത്രയുംദൂരം പാമ്പുമായി സ്കൂട്ടർ ഓടിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിതോന്നുന്നു എന്നാണ് ഷറഫുന്നീസ പറയുന്നത്. ഹെൽമെറ്റിനുള്ളിലും സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തുമൊക്കെ പാമ്പിനെ കണ്ടെത്തിയെന്ന വാർത്തകൾ വരാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അത്യപൂർമാണെന്നാണ് നാട്ടുകാർ പറയുന്നത്.