ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല, അതിദാരിദ്ര്യം നിർമാർജനം ചെയ്‌തെന്നാണ് പ്രഖ്യാപനം; വിശദീകരിച്ച് മന്ത്രി

Friday 31 October 2025 12:14 PM IST

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെക്കുറിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. സർക്കാരിനെ സംബന്ധിച്ച് മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനത്തെ സംബന്ധിച്ചും ഇതൊരു അഭിമാന നിമിഷമാണെന്നും മന്ത്രി പറഞ്ഞു.

'ചില വിമർശനങ്ങളും ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. കേരളം അതിദാരിദ്ര്യമുക്തമായി എന്ന് സമ്മതിക്കുന്നതും അതിന്റെ ക്രെഡിറ്റ് മോദി സർക്കാരിനാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പ്രസ്താവന കാണുകയുണ്ടായി. കേരളം അതിദാരിദ്ര്യമുക്തമായെന്ന കാര്യത്തിൽ തർക്കത്തിന് അവർ മുതിരുന്നില്ല. ക്രെഡിറ്റിന്റെ കാര്യത്തിലാണ് തർക്കം. അതിൽ ഒറ്റകാര്യമേ പറയാനുള്ളൂ, ഇതുപോലെ ഇന്ത്യയെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി അതിന്റെ ക്രെഡിറ്റ് എടുക്കണം.

മുഖ്യമന്ത്രി പറഞ്ഞതുപോലെ, കേരള അതിദാരിദ്ര്യമുക്തി നേടുന്നത് ഇന്ത്യയുടെ കൂടെ നേട്ടമാണ്. പക്ഷേ ഇത് മുഴുവൻ ഞങ്ങൾ ചെയ്തതാണെന്ന് അവകാശപ്പെടുമ്പോൾ, ക്രെഡിറ്റെടുക്കാൻ ഇനിയും ഇരുപത്തിയേഴ് സംസ്ഥാനങ്ങളുണ്ട്. ആ സംസ്ഥാനങ്ങളിൽ കൂടി ചെയ്ത് ക്രെഡിറ്റ് സ്വന്തമാക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

വിദഗ്ദരുടേതെന്ന പേരിൽ ചില ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. ഒരു സുപ്രഭാതത്തിൽ കേരളം അതിദാരിദ്ര്യമുക്തമായി എന്ന് പ്രഖ്യാപിക്കുകയല്ല ചെയ്തത്. 2021ലെ ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത ഒന്നാമത്തെ തീരുമാനമായിരുന്നു ഇത്. അന്ന് തന്നെ അത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖ സർക്കാർ പുറത്തിറക്കിയിരുന്നു. അത് വായിച്ചിരുന്നെങ്കിൽ ഒരു ചോദ്യം പോലും ചോദിക്കില്ലായിരുന്നു. 2021 മുതൽ ഈ മാർഗരേഖ ലഭ്യമാണ്. അതിൽ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ടുണ്ട്. അടിസ്ഥാന ഘടകങ്ങളായ ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവയൊന്നുമില്ലാത്ത വിഭാഗമാണ് അതിദാരിദ്ര്യർ. രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. അതിതീവ്ര ക്ലേശ വിഭാഗവും തീവ്ര ക്ലേശവിഭാഗവും.

റേഷൻ കാർഡ്, ആധാർ ഇതൊന്നുമില്ലാത്തവരെയാണ് അതിദരിദ്രരായി നിർവചിച്ചത്. അതിദാരിദ്ര്യവും ദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഈ പറയുന്ന വിദഗ്‌ദർക്ക് ചെറിയ കൺഫ്യൂഷൻ ഉണ്ടെന്ന് തോന്നുന്നു. ദാരിദ്ര്യമുക്തമാക്കിയെന്നല്ല സർക്കാരിന്റെ അവകാശവാദം. അതിദാരിദ്ര്യം നിർമാർജനം ചെയ്‌തെന്നാണ് അവകാശവാദം'- മന്ത്രി പറഞ്ഞു.