കോളടിച്ച് സർക്കാർ ജീവനക്കാരും പെൻഷൻകാരും, വർദ്ധിപ്പിച്ച ഡിഎ ഈ മാസം തന്നെ ലഭിക്കും, ഉത്തരവിറങ്ങി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നാലുശതമാനം ഡിഎ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വർദ്ധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തിൽ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പെൻഷൻകാർക്കും ഡിഎ വർദ്ധന അടുത്തമാസം മുതൽ തന്നെ ലഭിക്കും. കഴിഞ്ഞദിവസം ഡിഎ വർദ്ധനസംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു.
ഒരുമാസത്തെ കുടിശിക ഉൾപ്പെടെ ക്ഷേമപെൻഷൻ വിതരണം അടുത്തമാസം മുതൽ ആരംഭിക്കുമെന്നും ധനമന്ത്രി കെഎൻ വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞമാസത്തെ കുടിശിക ഉൾപ്പെടെ 3600 രൂപയായിരിക്കും വിതരണം ചെയ്യുക. ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപനങ്ങളെ ആശാവർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്നും ധനമന്ത്രി വ്യക്തമാക്കി. ആശാപ്രവർത്തകരുടെ ഓണറേറിയം 1000 രൂപയാണ് വർദ്ധിപ്പിച്ചത്. കുടിശികയും നൽകുമെന്നും ഇതിലൂടെ 26125 ആശമാർക്ക് പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഒരുഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നൽകും. ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഇക്കൊല്ലം നൽകും. അടുത്ത ഏപ്രിലിൽ കുടിശിക തുക പി.എഫിൽ ലയിപ്പിക്കും. പി.എഫില്ലാത്തവർക്ക് പണമായി നൽകുംഎന്നുള്ള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. ക്ഷേമപെൻഷൻ 1600ൽ നിന്ന് 2000 രൂപയാക്കി. 62 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതം നൽകാൻ സ്ത്രീസുരക്ഷാ പെൻഷൻ നൽകും. 31.34ലക്ഷം പേർക്ക് ഗുണം ലഭിക്കുക.