ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20: ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം; രക്ഷകനായി അഭിഷേക് ശർമ്മ
മെൽബൺ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കൂട്ടത്തകർച്ചയായിരുന്നു ഫലം. ടോസ് വീണ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ പേസ് ബൗളർ ജോഷ് ഹേസൽവുഡിന്റെ തീപ്പൊരി ബൗളിംഗിന് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തുടക്കത്തിൽ തന്നെ പതറി. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ കടുത്ത പ്രതിസന്ധിയിലായിരിക്കെ അഭിഷേക് ശർമ്മയാണ് അർദ്ധസെഞ്ച്വറി തികച്ച് ഇന്ത്യയെ തകർച്ചയുടെ വക്കിൽ നിന്ന് രക്ഷിച്ചത്. 25 പന്തിൽ നിന്ന് 51 റൺസുമായി അഭിഷേക് ക്രീസിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.16 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നിവവിലെ ഇന്ത്യയുടെ സ്കോർ.
ടോപ് ഓർഡറിലെ തകർച്ച മറികടക്കാൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തി മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറിൽ ഇറക്കിയെങ്കിലും ഈ തന്ത്രം പൂർണ്ണമായും പാളി. ടോപ്പ് ഓഡർ ബാറ്റ്സ്മാൻമാർ പുറത്തായതോടെ, നിലവിൽ അഭിഷേക് ശർമയും ഹർഷിത് റാണയുടെയു കൂട്ടുകെട്ടാണ് ടീമിന്റെ പ്രതീക്ഷ.
പേസർ ജോഷ് ഹേസൽവുഡിന്റെ മൂന്ന് വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ കരുത്തായത്. ജോഷിന്റെ പന്തിൽ മിച്ചൽ മാർഷിന് ക്യാച്ച് നൽകിയാണ് വൈസ് ക്യാപ്ടനായ ശുഭ്മാൻ ഗിൽ 5(10) ആദ്യം മടങ്ങിയത്. നതാൻ എല്ലിസിന്റെ എൽബിയിലാണ് മലയാളി താരം സഞ്ജു സാംസൺ 2 (4) പുറത്തായത്. അതിനു പിന്നാലെയെത്തിയ ക്യാപ്ടൻ സൂര്യകുമാർ യദവും 1(4) ജോഷ് ഹേസൽവുഡിന്റെ പന്തിൽ ജോഷ് ഇൻഗ്ലിസിന് ക്യാച്ച് നൽകി നിരാശപ്പെടുത്തി. അതേസമയം തിലക് വർമ്മയും സംപൂജ്യനായി പുറത്തായി. ശേഷം എത്തിയ അക്സർ പട്ടേലിനും 7 (12) തിളങ്ങാനായില്ല.