ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്, യുപിഐ വഴി ബില്ലടച്ചാൽ വിലയിൽ പിന്നെയും കുറവ്, വൻ ഓഫറുമായി സപ്ളൈക്കോ
തിരുവനന്തപുരം: സപ്ളൈക്കോയുടെ അൻപതാം വാർഷികം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ അവസരം. നാളെ മുതൽ ഈ ആനുകൂല്യങ്ങൾ ലഭിക്കും. സംസ്ഥാനത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും എത്തുന്ന 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ കൊണ്ടുവരും. 250 കോടി രൂപയുടെ വിറ്റുവരവ് പ്രതിമാസം പ്രതീക്ഷിക്കുന്ന ഓഫറാണിത്.
പുഴുക്കലരി സബ്സിഡി അരിയുടെ കൂടെ ഉൾപ്പെടുത്തും. റേഷൻകാർഡ് ഉടമകൾക്ക് സപ്ളൈക്കോ വിൽപനശാല വഴി 20 കിലോ അരി ലഭിക്കും.സപ്ളൈക്കോ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡും നൽകും. ഓരോ പർച്ചേസിനും ഓരോ പോയിന്റ് ലഭിക്കും. ഇങ്ങനെ കൂടുതൽ പോയിന്റുകൾ നേടിയാൽ പിന്നീട് പർച്ചേസിന് വിലക്കുറവ് ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ ബില്ല് വന്നാൽ യുപിഐ വഴി പണമടച്ചാൽ അഞ്ച് രൂപ വിലക്കുറവ് ലഭിക്കും.
ശബരി ഉൽപ്പന്നങ്ങൾക്കും സപ്ളൈക്കോയിൽ നല്ല വിലക്കുറവ് ലഭിക്കും. 88 രൂപ വിലവരുന്ന അപ്പംപൊടിയും പുട്ടുപൊടിയും 50 ശതമാനം വിലക്കുറവിൽ 44 രൂപയ്ക്ക് വാങ്ങാം. ഇതിനുപുറമേ അഞ്ച് മണി ഓഫറുമുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് മുൻപ് വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളിൽ ചിലതിന് അഞ്ച് ശതമാനം വിലക്കുറവ് കിട്ടും. സബ്സിഡിയില്ലാത്ത സാധനങ്ങൾ 1000 രൂപയ്ക്ക് വാങ്ങിയാൽ അഞ്ച് രൂപയ്ക്ക് പഞ്ചസാര ഒരു കിലോ ലഭിക്കും.
ശബരി ഗോൾഡ് ടീയും കുറഞ്ഞനിരക്കിൽ സ്വന്തമാക്കാം. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാം ശബരി ഗോൾഡ് ടീ വെറും 61.50 രൂപയ്ക്ക് വാങ്ങാം. നിലവിൽ 105 രൂപയാണ് വില. വനിതാ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം പ്രത്യേക കിഴിവ് ലഭിക്കും.