'വിമാനം യാത്രമുടക്കി'; കൊച്ചി സ്വദേശിക്ക് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Friday 31 October 2025 4:51 PM IST

കൊച്ചി: വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി യാത്രനിഷേധിക്കപ്പെട്ട യാത്രക്കാരന് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് നിർദ്ദേശം നൽകി കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് നിർദ്ദേശം. അ‌ഞ്ച് വർഷം മുൻപാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

എറണാകുളം നെട്ടൂരിൽ താമസിക്കുന്ന ടിപി സലിം കുമാർ എന്ന യുവാവാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഇന്ത്യൻ റെവന്യു സർവീസിലെ ഉദ്യോഗസ്ഥനാണ് യുവാവ്. 2019 ഡിസംബർ 14 നാണ് യുവാവ് മുംബയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന ടിക്കറ്റെടുത്തത്. യാത്രയ്‌ക്കായി വിമാനത്തിൽ കയറി സീറ്റിൽ ഇരുന്നതിന് ശേഷം സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി വിമാനത്തിൽ നിന്ന് ഇറങ്ങാൻ ജീവനക്കാർ നിർദ്ദേശം നൽകി. എന്നാൽ വിമാനത്തിന്റെ തകരാറിനെ തുടർന്ന് കമ്പനി നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് യുവാവ് പരാതിപ്പെട്ടു.

കമ്പനിയുടെ പൂർണ ചെലവിൽ അതേദിവസം തന്നെ മറ്റൊരു വിമാനം യാത്രയ്‌ക്കായി ഒരുക്കുമെന്ന് ആദ്യഘട്ടത്തിൽ ഉറപ്പ് നൽകിയിരുന്നു. അത് വരെയുള്ള ഭക്ഷണത്തിന്റെയും മറ്റും ചെലവുകളും കമ്പനി വഹിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് മാത്രമല്ല, പിറ്റേ ദിവസത്തെ വിമാനത്തിലാണ് യുവാവ് കൊച്ചിയിൽ എത്തിയത്. എയർപോർട്ട് ലൗഞ്ചിലേക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിമാനത്തിൽ കയറുന്നതിന് മുൻപ് അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിനും മറ്റുമായി 2150 രൂപ അടയ്‌ക്കേണ്ടി വന്നെന്ന് യുവാവ് പറയുന്നു.

അതേസമയം, സാങ്കേതിക പ്രശ്‌നങ്ങളാണ് വിമാനം മാറ്റിയതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി എയർലൈൻ തങ്ങളുടെ നടപടികളെ ന്യായീകരിച്ചു. 10,000 രൂപയുടെ യാത്രാ വൗച്ചറും 10,000 രൂപയുടെ നഷ്ടപരിഹാരവും കമ്പനി വാഗ്ദാനം ചെയ്‌തെങ്കിലും യുവാവ് അത് നിരസിക്കുകയായിരുന്നു. തുടർന്ന് ഡിബി ബിനുവിന്റെ നേതൃത്വത്തിൽ വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ കമ്മീഷൻ, ശരിയായ സേവനം നൽകുന്നതിൽ എയർലൈൻ പരാജയപ്പെട്ടുവെന്ന് കണ്ടെത്തുകയും സലിം കുമാറിന് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് നിർദ്ദേശിക്കുകയും ചെയ്തു.