ഒരു ബിരിയാണിക്ക് 978 രൂപ, ചോറിന് 318 റൊട്ടിക്ക് 118; സൂപ്പര്‍താരത്തിന്റെ റെസ്റ്റോറന്റില്‍ 'തീവില'

Friday 31 October 2025 8:45 PM IST

ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അവിടുത്തെ സാധനങ്ങളുടെ വില നോക്കുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ചെയ്യാതെ ഇന്ത്യയിലെ ഒരു സൂപ്പര്‍താരത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പാണ്. പറഞ്ഞുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍താരവുമായ വിരാട് കൊഹ്ലിയുടെ റെസ്‌റ്റോറന്റ് ശൃംഖലയെക്കുറിച്ചാണ്. വണ്‍ 8 കമ്മ്യൂണ്‍ എന്ന പേരിലാണ് താരത്തിന്റെ ആഡംബര റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

താരത്തിന്റെ റസ്റ്റോറന്റിലെ ഭക്ഷണത്തിന്റെ വിലയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സാധാരണക്കാരനെ സംബന്ധിച്ച് ഇവിടെയെത്തി ഭക്ഷണം കഴിക്കണമെങ്കില്‍ അതൊരു ഭാരിച്ച ചെലവ് തന്നെയാണ്. വെജ്, നോണ്‍ വെജ് ഭക്ഷണങ്ങളുടെ നീണ്ട മെനു തന്നെ ഹോട്ടലില്‍ ലഭ്യമാണ്. സീ ഫുഡ് വിഭവങ്ങള്‍ക്ക് പേരുകേട്ട റസ്‌റ്റോറന്റില്‍ പല സാധനങ്ങള്‍ക്കും തീവിലയാണ് ഈടാക്കുന്നത്. കൊഹ്ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയര്‍ന്ന വിലയില്‍ ആളുകള്‍ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കൊഹ്ലിയുടെ ഈ ആഡംബര റസ്റ്റോറന്റിന് ഔട്ട്‌ലെറ്റുകളുണ്ട്. മുംബയ് നഗരത്തിലെ ജുഹുവിലെ ഔട്ട്‌ലെറ്റിലെ വിലവിവര പട്ടികയുടെ അടിസ്ഥാനത്തില്‍ ഒരു പ്ലേറ്റ് സ്റ്റീംഡ് റൈസിന് 318 രൂപ നല്‍കണം. ഫ്രൈസിന് 348 രൂപ വിലയുണ്ട്. തന്തൂരി റൊട്ടിക്കും ബേബി നാനിനും 118 രൂപ നല്‍കണം. ബേബി ചീസ് നാന്‍ 218 രൂപയാണ് വില. മധുരപലഹാരങ്ങളില്‍, മാസ്‌കാര്‍പോണ്‍ ചീസ് കേക്കിന്റെ വില 748 രൂപയാണ്. വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് പോലും 518 രൂപ മുതല്‍ 818 രൂപ വരെയാണ്.

ലഖ്‌നൗ സ്‌പെഷ്യല്‍ ലാംബ് ദം ബിരിയാണിയുടെ വില 978 രൂപയാണ്. സൂപ്പര്‍ ഫുഡ് സലാഡിന് 748 രൂപയാണ് വില. മലബാറി ചെമ്മീന്‍ കറിയും ഗോവന്‍ ചെമ്മീന്‍ കറിയും 1018 രൂപയാണ്. സൂപ്പുകള്‍ക്ക് 518 രൂപയും. ഗ്രില്‍ഡ് ഫിഷിന് 1018 രൂപ നല്‍കണം. ചിക്കന്‍ ചെട്ടിനാട് 878 രൂപയ്ക്ക് ലഭിക്കും. ഡെസേര്‍ട്ടുകളില്‍ 'കിങ് കോലി' എന്നു പേരുള്ള ഒരു ഇനമുണ്ട്. 818 രൂപയാണ് ഇതിന്റെ വില. മെനുവിലെ ഏറ്റവും വിലയേറിയ വിഭവം ലാംബ് ഷാങ്കിന്റെ വലിയ പ്ലേറ്റാണ്. ഇതിന് 2,318 രൂപ നല്‍കണം.