കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍; 330 കോടി എത്തിയെന്ന് കണ്ടെത്തല്‍

Friday 31 October 2025 9:11 PM IST

കൊച്ചി: ഹവാല ഇടപാടിന്റെ ഏറ്റവും പുതിയ മോഡല്‍ കേരളത്തില്‍ വ്യാപകമെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ക്രിപ്‌റ്റോ കറന്‍സി വഴി 330 കോടിയാണ് എത്തിയതെന്നാണ് വിവരം ലഭിച്ചത്. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ക്രിപ്റ്റോ ട്രേഡേഴ്സിന്റെയും ഏജന്റുമാരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

കേരളത്തില്‍ ഇതുവരെ എത്തിയ 330 കോടിയുടെ ക്രിപ്‌റ്റോ കറന്‍സിയില്‍ നല്ലൊരു പങ്കും തുകയായി പിന്‍വലിച്ചുവെന്നാണ് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഉപയോഗിച്ച് ക്രിപ്‌റ്റോ അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്തും ഇടപാടുകള്‍ നടക്കുന്നുവെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ക്രിപ്റ്റോ വാലറ്റുകള്‍ ഉള്‍പ്പെടെ അക്കൗണ്ടുകള്‍ പലതും മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ പലരേക്കൊണ്ടുംവാടയ്ക്ക് എടുപ്പിച്ചതാണെന്നാണ്കണ്ടെത്തല്‍.

ചൊവ്വാഴ്ച മുതല്‍ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചുവരികയാണ് ആദായ നികുതി വകുപ്പ്. ഗള്‍ഫില്‍ സൗദി അറേബ്യ, മറ്റൊരു ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തിലേക്ക് ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഹവാല ഇടപാടുകള്‍ വ്യാപകമായി നടക്കുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്.