മുതലമടയിൽ ആയുർവേദ ആശുപത്രിയുണ്ട്, ഡോക്ടറില്ല

Friday 31 October 2025 9:24 PM IST
മുതലമട പഞ്ചായത്തിൽ മീങ്കരയിലുള്ള അടഞ്ഞ് കിടക്കുന്ന ആയുർവേദ ആശുപത്രി.

 നാല് വർഷത്തിലധികമായി സ്ഥിരം ഡോക്ടറില്ല

മുതലമട: ഗ്രാമപഞ്ചായത്തിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് ചികിത്സ നൽകേണ്ട മീങ്കരയിലെ ആയുർവേദ ആശുപത്രിയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡോക്ടറുടെ സേവനമുണ്ടെന്ന് ബോർഡ് എഴുതി വച്ചിട്ടുണ്ടെങ്കിലും മിക്കദിവസങ്ങളിലും അടഞ്ഞ് കിടക്കുകയാണ് പതിവ്. ആശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാത്തതാണ് കാരണം. ഇവിടെ സ്ഥിരം ഡോക്ടറില്ലാതായിട്ട് നാല് വർഷത്തിലധികമായി. പകരം ചുമതലയുള്ള ഡോക്ടറാവട്ടെ അവധിയിലും. പ്രതിദിനം നൂറ് കണക്കിന് രോഗികളാണ് ഇവിടെയെത്തി നിരാശയോടെ മടങ്ങുന്നത്. ചെമ്മണാമ്പതി, മൂച്ചംകുണ്ട്, ഗോവിന്ദാപുരം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെയും മാഞ്ചിറ, നെണ്ടൻകീഴായ,പറയംമ്പള്ളം, ചെമ്മണംതോട്, കാമ്പ്രത്ത്ച്ചള്ള തുടങ്ങിയിടങ്ങളിലെയും ജനങ്ങൾക്ക് ആയുർവേദ ചികിത്സയ്ക്കുള്ള ഏക ആശ്രയമാണ് മീങ്കരയിലെ അടഞ്ഞ് കിടക്കുന്ന ഈ ആയുർവേദ ആശുപത്രി.

ഡോക്ടർ-1, ഫാർമസിസറ്റ്-1, അറ്റൻഡർ-1, പി.ടി.എസ്-1 എന്നിങ്ങനെയാണ് ആശുപത്രിയിലെ തസ്തികകൾ. ഇതിൽ ഡോക്ടർ തസ്തികയിലാണ് സ്ഥിര നിയമനമില്ലാത്തത് . അയിലൂർ, കൊടുവായൂർ ആശുപത്രികളിലെ ഡോക്ടർമാർക്ക് മുതലമടയിൽ അതിക ചുമതല നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ കഴിഞ്ഞ 26 ന് അധിക ചുമതലയുളള ഡോക്ടറുടെ കലാവധിയും തീർന്നിരുന്നു. പിന്നിടുള്ള മിക്ക ദിവസങ്ങളിലും അവധി തന്നെ. ഡോക്ടർ ഒഴിച്ച് ബാക്കി തസ്തികയിലുള്ളവർ ആശുപത്രിയിലെത്തുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ആശുപത്രി ഇവിടെ അടഞ്ഞ് തന്നെയാണ് കിടക്കാറ്. അറ്റൻഡറും പി.ടി.എസിനെയും മാത്രമെ രോഗികൾ കാണാറുള്ളുവത്രേ.

ഒക്ടോബർ 26നാണ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കായി നിർമ്മിച്ച കെട്ടിടം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോഴും ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടില്ല. നിർമ്മാണ പ്രവർത്തി അവസാനഘട്ടത്തിലാണ്. ആയുർവേദ ആശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിച്ച് ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു നാട്ടുകാർ പറയുന്നു.

ആയൂർവേദ ആശുപത്രിയിൽ നിന്ന് നാട്ടുകാർക്ക് യാതൊരുവിധ സേവനവും ലഭിക്കുന്നില്ല. മരുന്നിനും ചികിത്സയ്ക്കും എത്തുന്ന ജനങ്ങൾക്ക് എന്നും നിരാശ തന്നെ. അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല.

ശരവണൻ നാവിളാംതോട്, മീങ്കര, മുതലമട, പൊതുപ്രവർത്തകൻ