മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

Saturday 01 November 2025 12:21 AM IST
ആര്യ ആനി

പത്തനംതിട്ട : പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടായ മ്യൂൾ വഴി പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്കറിയ (23), റാന്നി പഴവങ്ങാടി ഐത്തല പുത്തൻപുരയ്ക്കൽ വീട്ടിൽ സരിൻ പി.സാബു (27) എന്നിവരാണ് പിടിയിലായത്. തടിയൂർ സൗത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിലെ പ്രതിയുടെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബർ തട്ടിപ്പു കുറ്റകൃത്യങ്ങളിലെ കണ്ണിയായി പ്രവർത്തിച്ച് പലരുടെ അക്കൗണ്ടിൽ നിന്ന് പണം കൈക്കലാക്കി മറ്റ് പ്രതികൾക്ക് അയച്ച് കൊടുക്കുകയും കമ്മിഷൻ കൈപ്പറ്റിയുമാണ് ആര്യ തട്ടിപ്പ് നടത്തിയിരുന്നത്. കോയിപ്രം എസ്.ഐ.വിഷ്ണുരാജ്, എസ്.സി.പി.ഒ ഷബാന, സി.പി.ഒ മാരായ അനന്തു, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ആര്യയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സമാനമായ തട്ടിപ്പ് നടത്തിയ സരിൻ പലരുടെ അക്കൗണ്ടിൽ നിന്ന് പണം തന്റെ അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം ക്യാഷ് വിത്ത്ഡ്രാവൽ സ്ലിപ്പ് ഉപയോഗിച്ച് പണം പിൻവലിച്ച് തട്ടിയെടുക്കുകയായിരുന്നു. 85,000 രൂപയോളം ഇത്തരത്തിൽ പിൻവലിച്ചിട്ടുണ്ട്. റാന്നി ഇൻസ്പെക്ടർ മനോജ് കുമാറാണ് സരിനെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്.ഐ.കവിരാജ്, എ.എസ്.ഐ ബിജുമാത്യു, ,സി.പി.ഒ നിതിൻ എന്നിവരുമുണ്ടായിരുന്നു.