ജില്ലാ പ്ളാനിംഗ് ഒാഫീസ് കെട്ടിടം, പ്ളാനിംഗിലെ പിഴവ് ഉദ്ഘാടനത്തിലും

Saturday 01 November 2025 12:33 AM IST

പത്തനംതിട്ട : സ്വന്തം കെട്ടിടത്തിന്റെ പ്ളാൻ പൂർത്തിയാക്കാൻ തട്ടിയും മുട്ടിയും പത്ത് വർഷമെടുത്ത ജില്ലാ പ്ളാനിംഗ് ഒാഫീസിന്റെ ഉദ്ഘാടനത്തിനുള്ള പ്ളാനിംഗും താറുമാറായി. ഇൗ മാസം 30ന് തീരുമാനിച്ചിരുന്ന ഉദ്ഘാടനം അടുത്ത മാസം നാലിലേക്ക് മാറ്റി. ഇൗ തീയതിയിലും ഉദ്ഘാടനം നടക്കുമെന്ന് ഉറപ്പില്ല. കഴിഞ്ഞ വർഷം നവംബറിൽ ഉദ്ഘാടനം ചെയ്യാനിരുന്നതാണ് കെട്ടിടം.

പ്ളാനിംഗ് ഒാഫീസിന്റെ നിർമാണത്തിൽ തന്നെ പാഴ് ചെലവുകൾ ഏറെയായിരുന്നു. കെട്ടിടം പണിയുടെ പ്ളാനിംഗ് ഒാരോഘട്ടത്തിലും മാറ്റിക്കൊണ്ടിരുന്നു. അവസാനം തുക പാഴാക്കിയത് പെയിന്റിംഗിനായിരുന്നു. നീലയും വെള്ളയും പെയിന്റാണ് ആദ്യം പൂശിയത്. പിന്നീട് അത് ക്രീം കളറാക്കി. ഇൗ വകയിൽ ലക്ഷങ്ങൾ നഷ്ടമായി.

തറക്കല്ലിട്ടിട്ട് പത്തുവർഷം തികഞ്ഞിട്ടും കെട്ടി​ടം ഉദ്ഘാടനം ചെയ്ത് ഓഫീസ് പ്രവർത്തനം ആരംഭി​ക്കാനായി​ട്ടി​ല്ല.

6 നിലകളിൽ

ആറ് നിലകളിലായാണ് പ്ലാനിംഗ് ഓഫീസ് കെട്ടി​ടം. താഴത്തെ നിലയും ഒന്നാംനിലയുടെ പകുതിയും പാർക്കിംഗിന് നൽകും. തുടർന്നുളള മൂന്നുനിലകൾ ഓഫീസുകൾക്ക് ഉപയോഗിക്കും. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ചേരുന്നതാണ് പ്ലാനിംഗ് വിഭാഗം. ഇപ്പോൾ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ടുവിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.

തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 11 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.

തറക്കല്ലിട്ടത് 2015 നവംബറിൽ

പൂർത്തിയാക്കേണ്ടിയിരുന്നത് 2017ൽ

2.75 കോടിയുടെ അധികച്ചെലവ്

ആകെ ചെലവ്: 11 കോടി

പ്ളാനിംഗ് ഒാഫീസ് കെട്ടിടം എപ്പോൾ വേണമെങ്കിലും ഉദ്ഘാടനത്തിന് തയ്യാറാണ്.

അധികൃതർ

കഴിഞ്ഞ വർഷം നവംബറിൽ ഉദ്ഘാടനം പ്രഖ്യാപിച്ചത് ഇൗ മാസം 30ലേക്കും അടുത്തമാസം നാലിലേക്കും മാറ്റി