ഓപ്പറേഷൻ സൈ ഹണ്ട്: കൊച്ചിയിൽ അറസ്റ്റിലായവരി​ൽ മൂന്നുപേർ വിദ്യാർത്ഥികൾ

Saturday 01 November 2025 12:49 AM IST

കൊച്ചി: ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചിയിൽ അറസ്റ്റിലായ മൂന്നുപേരും വിദ്യാർത്ഥികളെന്ന് പൊലീസ്. ഏലൂർ വടക്കുംഭാഗം

സ്വദേശി അഭിഷേക് വിജു (21),പെരുമ്പാവൂർ വെങ്ങോല സ്വദേശി ഹാഫിസ് ഇ.എസ് (21),എടത്തല നൊച്ചിമ കോരമ്പാത്ത് വീട്ടിൽ അൽത്താഫ് കെ.എഫ് (21) എന്നിവരാണ് പിടിയിലായത്.

രണ്ടുപേർ കോളേജിലും ഒരാൾ പോളിടെക്‌നിക് കോളേജിലുമാണ് പഠിക്കുന്നത്. പെരുമ്പാവൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം ഹാഫിസാണ് അക്കൗണ്ടുകൾ ശേഖരിക്കുന്നത്. ഇയാൾ മുഖേന ദിവസം 25 ലക്ഷംരൂപ വരെ അക്കൗണ്ടിലേക്ക് വന്നുപോയിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഓരോ തവണയും അക്കൗണ്ടിലെത്തുന്ന തട്ടിപ്പുപണം എ.ടി.എം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുമ്പോൾ

വൻതുകയാണ് വിദ്യാർത്ഥികൾക്ക് കമ്മിഷനായി ലഭിച്ചിരുന്നത്.

പണം പിൻവലിക്കുന്നതിനിടെയാണ് ഹാഫിസും അൽത്താഫും പൊലീസിന്റെ പിടിയിലായത്. പലരും ആഡംബര വാഹനങ്ങൾ വാങ്ങുകയും വീടുകൾ വയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളടക്കം പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. കൊച്ചിയിൽ മാത്രം തട്ടിപ്പിനായി ഉപയോഗിച്ച മുന്നൂറിലേറെ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ശ്രാവണിന്റെ 80,000 രൂപ അടുത്തിടെ സൈബർസംഘം തട്ടിയെടുത്തിരുന്നു. തുടർന്നുള്ള പരാതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടിൽ രജിസ്റ്റർ ചെയ്തതോടെ പണം കൈമാറിപ്പോയ അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലായി. ഈ പണം അഭിഷേക് പിൻവലിച്ചതോടെയാണ് മൂന്നുപേരുടെയും അറസ്റ്റ് വേഗത്തിലായത്. ഹാഫിസിന്റെ കൈയിൽ നിന്ന് 6.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

വിദ്യാർത്ഥികൾ പ്രതികളായ സാഹചര്യത്തിൽ വിദ്യാലയങ്ങൾ

കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും.

പുട്ട വിമലാദിത്യ,കമ്മിഷണർ, കൊച്ചി സിറ്റി പൊലീസ്

ഓപ്പറേഷൻ സൈ ഹണ്ട്:

13 പേർ അറസ്റ്റിൽ

തൃശൂർ: സൈബർ തട്ടിപ്പുകൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 13പേർ അറസ്റ്റിലായി. ഒമ്പതുപേർ റിമാൻഡിൽ. നാലുപേർക്ക് നോട്ടീസ് നൽകിയതായും സിറ്റി പൊലീസ് കമ്മിഷണർ നകുൽ ദേശ് മുഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.