ശബരിമല തീർത്ഥാടനം ,​ വെർച്വൽ ക്യു ബുക്കിംഗിൽ ₹5 ഇൻഷ്വറൻസ് തുകയും

Saturday 01 November 2025 12:03 AM IST

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് അ‌‌ഞ്ചിനാരംഭിക്കും. ബുക്ക് ചെയ്യുമ്പോൾ, അപകട ഇൻഷ്വറൻസിന് അഞ്ച് രൂപ അടയ്ക്കാനുള്ള ഓപ്ഷനുണ്ടാകും. ഇൻഷ്വറൻസ് എടുത്ത തീർത്ഥാടകർ മലകയറ്റത്തിനിടെ മരിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഐഡിയാണ്. ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. ഇൻഷ്വറൻസ് സംബന്ധിച്ച വിവരങ്ങൾ ഇന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അസുഖബാധിതരായവർ തീർത്ഥാടനത്തിനിടെ മരണമടഞ്ഞാൽ ആശ്രിതർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കിട്ടുന്ന പിൽഗ്രിം വെൽഫയർ നിധിയും ഈ വർഷം ആരംഭിക്കും. കേരളത്തിൽ വച്ച് അപകടത്തിൽ പരിക്കേറ്റാലും തുക ലഭ്യമാക്കാൻ ഇൻഷ്വറൻസ് കമ്പനിയുമായി ചർച്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാനത്തിനകത്ത് 30000 രൂപ വരെയും പുറത്തേക്ക് ഒരു ലക്ഷം വരെയും ആംബുലൻസ് ചെലവ് ഇപ്പോൾ നൽകുന്നുണ്ട്.

കഴിഞ്ഞവർഷം വെർച്വൽ ക്യൂ ബുക്കിംഗ്

55 ലക്ഷം

ദർശനത്തിനെത്തി മരണപ്പെട്ടവർ

48

വെർച്വൽ ബുക്കിംഗ്

70,000 പേർക്ക്

 sabarimalaonline.org വഴിയാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്.

 ദിവസം 70,000 ഭക്തർക്കാണ് വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക

റിയൽ ടൈം ബുക്കിംഗ്

20,000 പേർക്ക്

 വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ

 ദിവസം 20,000 ഭക്തർക്ക് റിയൽ ടൈം ബുക്കിംഗ് വഴി ദർശനം അനുവദിക്കും