സർക്കാർ വാഹനം ഇനി KL- 90, പ്രത്യേക രജിസ്‌ട്രേഷൻ സീരിസ് അനുവദിച്ച് വിജ്ഞാപനം

Saturday 01 November 2025 12:10 AM IST

തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് കെ.എൽ 90 (KL 90) എന്ന പ്രത്യേക രജിസ്‌ട്രേഷൻ സീരിസ് അനുവദിച്ച് സർക്കാർ വിജ്ഞാപനം. ഒരു മാസത്തിനുള്ളിൽ നടപ്പാക്കാനാണ് മോട്ടോർവാഹനവകുപ്പിന്റെ തീരുമാനം. ഒരുവർഷം മുമ്പ് തീരുമാനം എടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് നടപടി പൂർത്തിയായത്. നിലവിലുള്ള സർക്കാർ വാഹനങ്ങൾ പുതിയ നമ്പരിലേക്ക് മാറണം. സ്വകാര്യ വാഹനങ്ങൾ സർക്കാർ ബോർഡ് ഉപയോഗിക്കുന്നത് തടയാനാണ് പുതിയ ക്രമീകരണം. കെ.എൽ 90യിലൂടെ സർക്കാർ വാഹനങ്ങൾ തിരിച്ചറിയാനാകും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്ക് കെ.എൽ 90 ലഭിക്കില്ല. മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പ്രോട്ടോക്കോൾ വാഹനങ്ങൾ എന്നിവയ്ക്കായി ചില നമ്പറുകൾ പ്രത്യേകമായി മാറ്റിവയ്ക്കും.

കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് കെ.എൽ 15 തുടരും. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്ന ദേശാത്കൃത വിഭാഗത്തിലാകും പുതിയ ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് നിർമ്മാണത്തിന് സിഡ്‌കോയുമായി കരാറായി. ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ജീവനക്കാരുടെ വിന്യാസവും അന്തിമഘട്ടത്തിലാണ്.

നമ്പർ ഇങ്ങനെ

 കേന്ദ്രസർക്കാർ വാഹനങ്ങൾക്ക് കെ.എൽ 90-എ, കെ.എൽ 90- ഇ

 തദ്ദേശ സ്ഥാപനങ്ങൾക്ക് കെ.എൽ 90- ബി, കെ.എൽ 90 - എഫ്

ബോർഡ്, കോർപറേഷനുകൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് കെ.എൽ 90- സി