കേരളത്തിന്റെ ഹോക്കി ഇതിഹാസം വിട വാങ്ങുമ്പോൾ

Friday 31 October 2025 11:17 PM IST

ഇന്ത്യൻ കായികരംഗത്തിന് സുത്യർഹമായ സംഭാവന നൽകിയ കേരളത്തിൽനിന്ന് പക്ഷേ രണ്ട് ഒളിമ്പിക് മെഡൽ ജേതാക്കളേയുള്ളൂ. അതുപക്ഷേ കേരളത്തിന് ദേശീയ തലത്തിൽ ഒരിക്കലും മേൽക്കൈ ഇല്ലാത്ത ഹോക്കിയിൽ നിന്നും. കേരളത്തിന്റെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക്ക് വിട പറയുമ്പോൾ അവസാനിക്കുന്നത് ഒരു അദ്ധ്യായമാണ്. ഇന്ത്യൻ കായികരംഗത്തിന്റെയും ഹോക്കിയുടേയും സുവർണകാലത്തിന്റെ പ്രതീകമാണ് മായുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ബർണ്ണശ്ശേരിയി 1947 ഒക്ടോബർ 20 നാണ് മാനുവൽ ഫ്രെഡറികിന്റെ ജനനം. ചെറുപ്പത്തിൽ ഫുട്ബാൾ കളിച്ചിരുന്ന മാനുവൽ പിന്നീട് ഹോക്കിയിലേക്ക് തിരിയുകയാണ് ഉണ്ടായത്. അന്ന് ഹോക്കിക്ക് കേരളത്തിൽ ജനപ്രിയതയുണ്ടായിരുന്നെങ്കിലും പരിശീലനത്തിന് സൗകര്യങ്ങളില്ലായിരുന്നു. ബാംഗ്ളൂരിലേക്ക് മാറിയതാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. ഒളിമ്പിക്സ് മെഡൽ നേടിയിട്ടും ജീവിതം മാനുവൽ ഫ്രെഡറിക്കിനെ സംബന്ധിച്ചിടത്തോളം ഏറെ പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. പലപ്പോഴും നിത്യചിലവിന് പോലും ബുദ്ധിമുട്ടേണ്ടി വന്നു. പിന്നീട് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഇടയ്ക്കിടെ ജന്മസ്ഥലമായ കണ്ണൂരിലേക്ക് വരാറുണ്ടായിരുന്നു. കേരളാ ഹോക്കി ടീമിന്റെ കോച്ചാകണ മെന്നായിരുന്നു വലിയ ആഗ്രഹം. ദേശീയ ഹോക്കി ടൂർണ്ണമെന്റുകളിൽ കേരളം ഏറെ ഗോളുകൾ വഴങ്ങുന്നത് അദ്ദേഹത്തെ ഏറെ ദുഃഖിതനാക്കിയിരുന്നു. അധികം അംഗീകാരങ്ങളൊന്നും തേടിയെത്തിയില്ല. വന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2019 ലെ മേജർ ധ്യാൻ ചന്ദ് അവാർഡാണ്.

( കായികപ്രേമിയും കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവിയുമാണ് ലേഖകൻ).