മില്ലുടമകളുടേത് നിഷേധാത്മക നിലപാട്: മന്ത്രി പി. പ്രസാദ്
ആലപ്പുഴ: നെല്ല് സംഭരണത്തിൽ മില്ലുടമകളുടേത് നിഷേധാത്മക നിലപാടാണെന്ന് മന്ത്രി പി പ്രസാദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ നെല്ല് സംഭരണം മില്ലുകളെ ആശ്രയിച്ചാണ് നടക്കുന്നത്. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ചില മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നമുണ്ടാക്കിയത്. 100 കിലോ നെല്ല് കുത്തി അരിയാക്കി തിരിച്ചെടുക്കുമ്പോൾ 64.5 കിലോയാണ് നൽകേണ്ടത്. അത് കേന്ദ്രസർക്കാർ 68 കിലോയാക്കി. ഇതിനെതിരെ മില്ലുടമകൾ ഹൈക്കോടതിയെ സമീപിച്ചു. 68 കിലോ അരി മില്ലുകാർ കൊടുക്കണമെന്ന് കോടതിയും ഉത്തരവിട്ടു. കൊയ്ത്തിനിടെയാണ് ഇത്തരം പ്രതിസന്ധിയുണ്ടായത്. നെല്ല് കൊയ്‌തെടുത്ത ശേഷമാണ് വിലപേശൽ നടക്കുന്നത്. മന്ത്രി ജി.ആർ. അനിൽ പ്രശ്‌നത്തിൽ ഇടപെട്ട് ചർച്ച നടത്തുന്നുണ്ട്. കർഷകരുടെ പ്രശ്‌നം അതിവേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫീസ് വർദ്ധന:
തീരുമാനം ഇന്ന്
കാർഷിക സർവകലാശാല ഫീസ് വർദ്ധനവിന്റെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ഫീസ് വർദ്ധനയും നടപ്പാക്കില്ല. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഒരു വിദ്യാർത്ഥിക്കും പണമില്ലാത്തതിന്റെ പേരിൽ പഠനം നിറുത്തേണ്ട സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.