മറക്കില്ല, മാനുവൽ...
കേരളത്തിൽ നിന്ന് ഹോക്കിയിലേക്കിറങ്ങുന്ന യുവ കായികതാരങ്ങൾ എവിടെവരെയെത്താനാകും എന്ന മാതൃകയായിരുന്നു മാനുവൽ ഫ്രെഡറിക്ക്. കേരളത്തിൽ ഹോക്കിക്ക് അത്ര പ്രചാരമില്ലാതിരുന്ന കാലയളവിൽ കണ്ണൂരിൽ നിന്ന് ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണത്തെ വിസ്മയകരമെന്നേ വിശേഷിപ്പിക്കേണ്ടൂ. സർദാർജിമാരുടെയും ഗോസായിമാരുടെയും സ്റ്റിക് സ്കില്ലിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഗോൾ കീപ്പിംഗ് എന്ന റിഫ്ളക്സ് മികവിന്റെ മേഖല തിരഞ്ഞെടുത്ത മാനുവലിന് തുണയായത് ഫുട്ബാൾ പോസ്റ്റിന് കീഴിലെ പരിചയസമ്പത്താണ്.
ഇന്നത്തെപ്പോലെ ഗോൾകീപ്പർമാർക്ക് ഹെൽമറ്റും ഗാർഡുകളുമൊന്നുമില്ലാത്ത കാലമായിരുന്നു അത്. പാഞ്ഞുവരുന്ന പന്തുകളെ തടുക്കാൻ ചങ്കുറപ്പോടെ വലയ്ക്ക് കീഴെ നിൽക്കുന്ന മാനുവലിനെ 'ടൈഗർ" എന്ന് സഹതാരങ്ങൾ വിളിച്ചില്ലെങ്കിലേ അത്സുതമുണ്ടായിരുന്നുള്ളൂ. പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റർപീസ് . ഏഴുവർഷത്തോളം ഇന്ത്യൻ ടീമിനെ സേവിച്ച അദ്ദേഹം 1972 ഒളിമ്പിക്സിലും രണ്ട് ലോകകപ്പുകളിലും വലകാത്തു. 1973ൽ നെതർലാൻഡ്സിൽ നടന്ന ലോകകപ്പിൽ വെള്ളി നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കളിക്കുപ്പായം അഴിച്ചുവച്ചതിന് ശേഷം പരിശീലകനായി മാറി. പിന്നീട് ഇന്ത്യൻ ഗോളിയായി മാറിയ റോമിയോ ജെയിംസ് അടക്കമുള്ളവരെപരിശീലിപ്പിച്ചത് മാനുവലാണ്. തനിക്ക് ശേഷം ഒരു മലയാളി ഇന്ത്യൻ ഗോൾകീപ്പറായി എത്താതിരുന്നതിലെ അദ്ദേഹത്തിന്റെ ദുഖം മാറ്റിയത് ശ്രീജേഷാണ്. ശ്രീജേഷിന് ടോക്യോ ഒളിമ്പിക്സിൽ വെങ്കലം കിട്ടിയപ്പോൾ തനിക്ക് ഒത്ത പിൻഗാമിയെകിട്ടിയ സന്തോഷത്തിലായിരുന്നു അദ്ദേഹം. തന്റെ ഒളിമ്പിക്മെഡൽ നിധിപോലെയാണ് മാനുവൽ ഫ്രെഡറിക്ക് കൊണ്ടുനടന്നത്. അരനൂറ്റാണ്ടോളം ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടിയ ഏക മലയാളിയെന്ന പട്ടം മാനുവൽ ഫ്രെഡറിക്കിനായിരുന്നു. എന്നാൽ അതിന് അർഹമായ ആദരവ് പ്രകടിപ്പിക്കാൻ കായിക കേരളത്തിന് കഴിഞ്ഞോ എന്ന് സംശയമാണ്.