നാളെ കലാശക്കളി, കന്നിക്കപ്പിന് ഇന്ത്യ
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനൽ നാളെ മുംബയ്‌യിൽ
മുംബയ് : ഒരു ജയം, ഒരൊറ്റ വിജയം മതി ഇന്ത്യൻ ക്രിക്കറ്റിൽ വനിതകൾ ചരിത്രമെഴുതാൻ. ഇതിനുമുമ്പ് രണ്ട് തവണ ഫൈനലിൽ കളിച്ചിട്ടും എഴുതാൻ കഴിയാത്ത ചരിത്രം ഇക്കുറി സ്വന്തം മണ്ണിൽ സംഭവിക്കുമെന്ന് ഇന്ത്യൻ ആരാധകർ കരുതാൻ ഒരു കാരണമുണ്ട്. കഴിഞ്ഞരാത്രി മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെതിരെ ഇന്ത്യ നേടിയ അവിശ്വസനീയ വിജയം. 339 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഓസീസ് നൽകിയപ്പോൾ തന്നെ ടി.വി അണച്ചുവച്ചവരെ ഞെട്ടിച്ചുകൊണ്ട് ഏകദിനചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ചേസിംഗാണ് നടന്നത്. ഫസ്റ്റ്ഡൗൺ പൊസിഷനിലേക്ക് അപ്രതീക്ഷിതമായി എത്തുകയും അവസാനംവരെ ക്രീസിൽ നിന്ന് പൊരുതുകയും ചെയ്ത ജമീമ റോഡ്രിഗസും (127*) നായികയുടെ ഉത്തരവാദിത്വം പുറത്തെടുത്ത ഹർമൻപ്രീത് കൗറും (89) മാന്ത്രിക വിജയമൊരുക്കിയത്.
നാളെ ഇതേവേദിയിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ഇംഗ്ളണ്ടിനെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയോടെന്നപോലെ ദക്ഷിണാഫ്രിക്കയോടും ഇന്ത്യ തോറ്റിരുന്നു. പക്ഷേ ആ തോൽവിയൊന്നും കിരീടം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടസമാവില്ലെന്ന് ഓസീസിനെതിരായ ജയം തെളിയിക്കുന്നു.
ഹാപ്പി ജെമി, കീപ്സ് എവരിബഡി ഹാപ്പി
ചിരിയൊഴിഞ്ഞ മുഖമില്ല ജമീമ റോഡ്രിഗസിന്. എപ്പോഴും കൂട്ടുകാരുമായി കളിയും ചിരിയും തമാശയും . നന്നായി പാട്ടുപാടും. ഡാൻസുചെയ്യും. ഗിറ്റാറും വായിക്കും. ഒരു ഗോവൻ പെൺകുട്ടിയുടെ ചൊടിയും ചുണയുമുള്ള 25കാരിയായ ജമീമ ക്രിക്കറ്റ് ഫീൽഡിൽ പുലിക്കുട്ടിയാണ്. വലിയ ഷോട്ടുകൾക്ക് പോകാതെ കൃത്യമായി പ്ളേസ് ചെയ്തും സിംഗിളുകൾ ഡബിളുകളാക്കിയും സ്കോർ ഉയർത്താനുള്ള കഴിവ്. ഫീൽഡിംഗിൽ പുപ്പുലി. അസാധാരണ വേഗം. മടിയില്ലാത്ത ഡൈവിംഗ്. ഉന്നംതെറ്റാത്ത ത്രോകൾ...
പക്ഷേ കഴിഞ്ഞദിവസം ഓസീസിനെതിരെ സെമിയിൽ ബാറ്റിംഗിനിറങ്ങിയപ്പോൾ മറ്റൊരു ജെമിയെക്കൂടിക്കണ്ടു. വലിയൊരു ലക്ഷ്യത്തിലെത്തുംവരെ മറ്റൊന്നും ശ്രദ്ധിക്കാതെ ഓരോപന്തിനുമുമ്പും തന്നോടുതന്നെ സംസാരിച്ച് ഉൗർജം കണ്ടെത്തുന്ന ജെമി. സെഞ്ച്വറിയിലെത്തിയിട്ടും ബാറ്റുയർത്തി ആഘോഷിക്കാതെ വിജയത്തിലെത്തുംവരെ ഒരേ ശ്രദ്ധയോടെ കളിച്ച ജെമി. ആ പരിശ്രമത്തിനൊടുവിൽ വിജയം കൈപ്പിടിയിലൊതുങ്ങിയപ്പോൾ കരഞ്ഞുപോയ ജെമി. അവളുടെ ആ സന്തോഷക്കണ്ണീരാണ് ഇന്നലെ ഇന്ത്യക്കാരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിറഞ്ഞത്.
ബിജുവിന്റെ പ്രവചനം യാഥാർത്ഥ്യമായി
''എന്റെ വാക്കുകൾ കുറിച്ചുവച്ചോളൂ, ഈ ലോകകപ്പിൽ ഓസ്ട്രേലിയ ഒറ്റക്കളിയേ തോൽക്കുകയുള്ളൂ. അത് ഇന്ത്യയ്ക്കെതിരെ സെമിയിലായിരിക്കും. ഇന്ത്യ ഇക്കുറി കപ്പും നേടും ""- ഒക്ടോബർ 26ന് ക്രിക്കറ്റ് പരിശീലകൻ ബിജു ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ. അതിന്റെ ആദ്യഭാഗം കഴിഞ്ഞരാത്രി യാഥാർത്ഥ്യമായി. സഞ്ജു സാംസണെ കൈപിടിച്ചുയർത്തിയ കോച്ചായ ബിജു മുമ്പ് ഇന്ത്യൻ വനിതാടീമിന്റെ സഹപരിശീലകനുമായിരുന്നു. അന്ന് ബിജുവിന്റെ പ്രിയപ്പെട്ട ശിഷ്യകളിലൊരാളായിരുന്ന ജെമീമ റോഡ്രിഗസാണ് അതിശയകരമായ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ജെമീമയുടെ ഫീൽഡിംഗ് സ്കിൽസ് പുറത്തുകൊണ്ടുവന്നത് ബിജുവിന്റെ പരിശീലനമാണ്.