50 കോടി വരുമാനമുള്ള..... പ്രാഥമിക സംഘങ്ങളുടെ നിക്ഷേപ പലിശയ്ക്ക് നികുതി ബാധകം ഭേദഗതി ശരിവച്ച് ഹൈക്കോടതി
കൊച്ചി: വാർഷിക ടേണോവർ 50 കോടിയിലധികമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി (ടി.ഡി.എസ്) ബാധകമാക്കി 2020ൽ ആദായ നികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവച്ചു. നികുതിയുടെ കാര്യത്തിൽ അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്ന ഒരുകൂട്ടം പ്രാഥമിക സംഘങ്ങളുടെ വാദം തള്ളിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ടി.ഡി.എസിന്റെ കാര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ അന്തിമമാക്കി. അതിനാൽ, ടി.ഡി.എസ് മുൻകാല പ്രാബല്യത്തോടെ പിടിക്കില്ല. ഭേദഗതിപ്രകാരം പ്രാഥമിക സംഘങ്ങളുടെ ബിസിനസ് 50 കോടി കവിഞ്ഞാൽ നിക്ഷേപ പലിശയിൽനിന്ന് ടി.ഡി.എസ് പിടിക്കണം. ഇത് സഹകരണ സംഘങ്ങൾക്ക് ലഭിച്ചിരുന്ന ഇളവ് ഇല്ലാതാക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
പ്രാഥമിക സംഘങ്ങൾ നിക്ഷേപങ്ങൾ അപെക്സ് സൊസൈറ്റിയായ കേരള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. കേരള ബാങ്ക് വലിയ വിറ്റുവരവുള്ള സ്ഥാപനമാണ്. അതിനാൽ, എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപങ്ങൾക്ക് ടി.ഡി.എസ് ബാധകമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ടേണോവർ 50 കോടിയിലധികമുള്ള സംഘങ്ങൾക്ക് ടി.ഡി.എസ് ബാധകമാക്കിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ആദായനികുതി നിയമത്തിന്റെ അടിസ്ഥാനംതന്നെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതാണെന്നും വ്യക്തമാക്കി. ഉത്തരവിനെതിരെ സഹകരണ സംഘങ്ങളുടെ സംഘടന ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.