സി.ബി.എസ്.ഇ പാഠ്യപദ്ധതിയിൽ എ.ഐ: സമിതിയെ നിയോഗിച്ചു
ന്യൂഡൽഹി: അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയുടെ സി.ബി.എസ്.സി പാഠ്യപദ്ധതിയിൽ നിർമ്മിത ബുദ്ധിയും (എ.ഐ) ഭാഗമാകും. പാഠ്യപദ്ധതി തയ്യാറാക്കാൻ സി.ബി.എസ്.ഇ വിദഗ്ദ്ധസമിതിയെ നിയമിച്ചു. മദ്രാസ് ഐ.ഐ.ടിയിലെ ഡേറ്റ സയൻസ് ആൻഡ് എ.ഐ വകുപ്പിലെ പ്രൊഫ. കാർത്തിക് രാമനാണ് സമിതി തലവൻ. 2026-27 അദ്ധ്യയനവർഷം മുതൽ എ.ഐ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു. എ.ഐ കമ്പ്യൂട്ടേഷണൽ തിങ്കിംഗ് എന്ന വിഷയത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കുക. മൂന്നാം ക്ലാസ് മുതൽ പദ്ധതി ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 18,000ത്തിലേറെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ ആറാം ക്ലാസ് മുതൽ എ.ഐ നൈപുണ്യ വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 9 മുതൽ 12 വരെ ക്ലാസുകളിൽ ഐച്ഛിക വിഷയവുമാണ്.