പീപ്പിൾസ് റസ്റ്റ് ഹൗസ്: നാല് വർഷം കൊണ്ട് ഖജനാവിൽ 30 കോടി

Saturday 01 November 2025 12:23 AM IST

ആലപ്പുഴ: സർക്കാർ അതിഥി മന്ദിരങ്ങളെ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ പരിഷ്കാരം സൂപ്പർ ഹിറ്റ്. കഴിഞ്ഞ നാലു വർഷത്തിനകം ഓൺലൈൻ ബുക്കിംഗ് വഴി പത്തു ലക്ഷത്തിലധികം പേർ താമസത്തിനെത്തിയപ്പോൾ, ഖജനാവിലെത്തിയത് 30 കോടി രൂപ. മുൻ കാലങ്ങളിലെ വരുമാനത്തിന്റെ പതിനഞ്ച് ഇരട്ടിയിലധികം. മന്ത്രി പി.എ .മുഹമ്മദ് റിയാസിന്റെ പ്രത്യേക താൽപ്പര്യത്തിൽ 2021ലെ കേരളപ്പിറവി ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള വിശ്രമ മന്ദിരങ്ങളിൽ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് താമസമൊരുക്കി. ഓൺലൈൻ ബുക്കിംഗ് പദ്ധതിയെ ജനകീയമാക്കാനും വരുമാനം വർദ്ധിപ്പിക്കാനും സഹായിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ അഞ്ച് ലക്ഷത്തോളം ബുക്കിംഗുകളാണ് നടന്നത്. ബുക്കിംഗ് വർദ്ധിച്ചതോടെ സർക്കാർ ഏഴു പുതിയ റസ്റ്റ് ഹൗസുകൾ പണിയുകയും 23 എണ്ണം നവീകരിക്കുകയും ചെയ്തു പുതിയ.17 റസ്റ്റ് ഹൗസുകളുടെ പണി പുരോഗമിക്കുന്നു .പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനുമാണ് റസ്റ്റ് ഹൗസുകൾ പണിതിരുന്നത്. ഇവ സാധാരണക്കാർക്ക് ഉപയോഗപ്പെട്ടിരുന്നില്ല.

ബുക്ക് ചെയ്യാവുന്ന

മുറികൾ

ആലപ്പുഴ ............27

കോട്ടയം ............39

മൂന്നാർ.............. 11

നേര്യമംഗലം....... 48

തൃപ്പൂണിത്തുറ....13

തൃശൂർ .................33

പാലക്കാട്........... ..22

തിരൂർ .....................7

നിലമ്പൂർ ..............11

കോഴിക്കോട്....... 18

വടകര.................. 14

കൽപ്പറ്റ ................15

ബത്തേരി ...............8

മാനന്തവാടി ..........9

വൈത്തിരി .............6

ആകെ മുറികൾ...281

ആകെ റസ്റ്റ് ഹൗസുകൾ .....157

.'റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് കൂടി പ്രാപ്തമാക്കിയതാണ് പദ്ധതിയുടെ വിജയം. കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം.'

- മന്ത്രി റിയാസ്