അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം
തിരുവനന്തപുരം: കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. െെവകിട്ട് 5 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥികളായി പ്രമുഖ തെന്നിന്ത്യൻ താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പങ്കെടുക്കും. നാല് വർഷത്തെ സുദീർഘമായ നടപടിയിലൂടെയാണ് അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ മന്ത്രിസഭയിലെടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. വിശദമായ മാർഗ്ഗരേഖയും പുറത്തിറക്കിയിരുന്നു. 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തമാക്കിയത്. സർക്കാർ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും യാതൊരു ആനുകൂല്യവും ലഭിക്കാത്തവരെയും യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാത്തവരെയും കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടം. ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹ്യ സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നാലു ലക്ഷത്തോളംപേർക്ക് കില പരിശീലനം നൽകിയിരുന്നു. 2021 ജൂൺ, ജൂലായ് മാസത്തിലാണ് നടപടി ആരംഭിച്ചത്. 2022 മാർച്ചോടെ ഗ്രാമസഭ/ വാർഡ് സഭ അംഗീകാരത്തോടെ തദ്ദേശസ്ഥാപനങ്ങൾ പട്ടിക അന്തിമമാക്കി. തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തുകളിലും തൃശൂരിലെ വടക്കാഞ്ചേരി നഗരസഭയിലും പൈലറ്റ് സ്റ്റഡി നടത്തി നടപടിക്രമങ്ങൾ ആവിഷ്കരിച്ചു.
പ്രാഥമിക പട്ടികയിൽ
1,18,309 കുടുംബങ്ങൾ
ആദ്യം കണ്ടെത്തിയ 1,18,309 എണ്ണത്തിൽ നിന്ന് വിവിധ പ്രക്രീയയിലൂടെ 87,158 കുടുംബങ്ങളായി. ഈ കുടുംബങ്ങളുടെ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിച്ചശേഷം 20 ശതമാനം പേരെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെക്കൂടി ഉൾപ്പെടുത്തി സൂപ്പർ ചെക്കിംഗിന് വിധേയമാക്കി. 58,906 ഫോക്കസ് ഗ്രൂപ്പുകൾ പട്ടികയെക്കുറിച്ച് ചർച്ച നടത്തി. തുടർന്ന് തയ്യാറാക്കിയ 73,747 പേരുടെ മുൻഗണ പട്ടിക ഗ്രാമസഭകളിൽ അവതരിപ്പിച്ചാണ് 64,006 കുടുംബങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കിയത്. ആലപ്പുഴയിലെ കുമാരപുരം, കാസർകോട് ജില്ലയിലെ കള്ളാർ എന്നിവയൊഴികെ 1032 തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടിക പ്രസിദ്ധീകരിച്ചു. ഈ രണ്ട് പഞ്ചായത്തിൽ അതിദരിദ്രരെ കണ്ടെത്താനായില്ല.
വീട് മുതൽ അവയവമാറ്റം വരെ
(ലഭ്യമാക്കിയ സഹായം)
4677 കുടുംബങ്ങൾക്ക് വീട്
2713 കുടുംബങ്ങൾക്ക് വീടും വസ്തുവും
4394 കുടുംബങ്ങൾക്ക് വരുമാനം. കുടുംബശ്രീ ഉജ്ജീവനം നടപ്പാക്കി
20,648 പേർക്ക് ഭക്ഷണം
18,438 പേർക്ക് ഭക്ഷ്യക്കിറ്റും 2210 പേർക്ക് ഭക്ഷണവും
85,271 പേർക്ക് മരുന്ന്, 5777 പേർക്ക് പാലിയേറ്റീവ് പരിചരണം
7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയ