മെൽബണിൽ വീണ് ഇന്ത്യ
രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് നാലുവിക്കറ്റ് തോൽവി
മെൽബൺ : കഴിഞ്ഞരാത്രി ഇന്ത്യൻ വനിതകൾ ഓസീസിനെ തുരത്തിയോടിച്ചെങ്കിൽ ഇന്നലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കംഗാരുക്കളോട് കീഴടങ്ങി. മെൽബണിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ നാലുവിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ആദ്യ മത്സരം മഴയെടുത്തിരുന്നതിനാൽ ഇന്നലത്തെ വിജയത്തോടെ അഞ്ചുമത്സരപരമ്പരയിൽ ഓസീസ് 1-0ത്തിന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 125 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ ഓസീസ് 13.2 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയ്ക്കും (37 പന്തുകളിൽ 68 റൺസ്, എട്ടു ഫോർ,രണ്ട് സിക്സ്) 33 പന്തുകളിൽ 35 റൺസ് നേടിയ ഹർഷിത് റാണയ്ക്കും മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. ശുഭ്മാൻ ഗിൽ (5),സഞ്ജു സാംസൺ (2), തിലക് വർമ്മ (0), സൂര്യകുമാർ യാദവ് (1), അക്ഷർ പട്ടേൽ (7),ശിവം ദുബെ (4), കുൽദീപ് (0), ബുംറ (0) എന്നിവർ വരിവരിയായി ഒറ്റയക്കത്തിന് പുറത്തായി. നാലോവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സേവ്യർ ബാലെറ്റും നഥാൻ എല്ലിസും ചേർന്നാണ് ഇന്ത്യയെ അരിഞ്ഞിട്ടത്.
മറുപടിക്കിറങ്ങിയ ഓസീസിനായി ക്യാപ്ടൻ മിച്ചൽ മാർഷ് (46), ട്രാവിസ് ഹെഡ് (28),ഇൻഗിലിസ് (20) എന്നിവർ കരുത്തു കാട്ടിയതോടെ 40 പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേ ആതിഥേയർ ജയിച്ചുകയറി. ഹേസൽവുഡാണ് മാൻ ഒഫ് ദ മാച്ച്. ഞായറാഴ്ച ഹൊബാർട്ടിലാണ് മൂന്നാം ട്വന്റി-20.