അച്ഛൻമാർ 'കളി' തുടങ്ങി; മക്കളാണ് ടീം
കോഴിക്കോട്: കോഴിക്കോട് ഇനി വേറിട്ടൊരു കളി കാണാം. അച്ഛൻമാർ മക്കൾക്കായി ഒരുക്കുന്ന ഫുട്ബോൾ മേള.
അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15, അണ്ടർ 17 കാറ്റഗറിയിൽ പെട്ട കുട്ടികൾക്കായി നടത്തുന്ന 'അച്ഛാസ് ഫ്യൂച്ചർ കപ്പ് ' ടൂർണമെന്റിന് നാളെ രാവിലെ ഏഴു മുതൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോഴിക്കോട് ജില്ലയിലെ പ്രമുഖ അക്കാഡമികളായ കെ.എഫ്.ടി.സി കേരള, ക്രസന്റ് അക്കാഡമി,സെവൻ സ്‌പോർട്‌സ് എഫ്.സി, യൂനിവേഴ്‌സൽ സോക്കർ, ജവഹർ കക്കോടി, പെക്ക, തുടങ്ങിയ 21 ഓളം ക്ലബുകളിൽ നിന്ന് വിവിധ കാറ്റഗറികളിലായി 700ലധികം കുട്ടികൾ ടൂർണമെന്റിൽ മാറ്റുരക്കും. ടൂർണമെന്റിൽ ഓരോ കാറ്റഗറിയിലും വിന്നേഴ്‌സ് റണ്ണേഴ്‌സ് ട്രോഫികൾക്കും ക്യാഷ് അവാർഡിനും പുറമെ വ്യക്തിഗത മികവ് പുലർത്തുന്ന കളിക്കാർക്ക് ട്രോഫികളും സമ്മാനങ്ങളും നൽകും. ലഹരിയാണ് കളി, മക്കൾ കളിച്ചുവളരട്ടേയെന്ന് രക്ഷിതാക്കൾ പ്രഖ്യാപിച്ചിറങ്ങുമ്പോൾ ചേർത്തുപിടിക്കും കോഴിക്കോടിന്റെ കായിക ലോകവും.
@ മക്കൾക്ക് വേണ്ടി.... പി.ആർ.ലാൽസരാജ് (രക്ഷിതാവ്, ടൂർണമെന്റ് കൺവീനർ)
മക്കളെ ഫുട്ബോൾ കളിക്കാൻ കൊണ്ടുവരുന്ന കുറേ അച്ഛൻമാർ, ആദ്യമാദ്യം സമയം കൊല്ലിയായിരുന്നു. രാവിലത്തെ തിരക്കിനിടെ മക്കളുമായുള്ള കളിയാത്ര വലിയ പ്രശ്‌നമായിരുന്നു. പിന്നീട് അവർ പതിയെ തിരിച്ചറിഞ്ഞു, ലഹരിയിലേക്ക് പോകുന്ന മക്കളെ കളിവഴികളിലേക്ക് തിരിച്ചുവിടുകയാണ് രക്ഷിതാവിന്റെ ഉത്തരവാദിത്വമെന്ന്. അതോടെ അവർ മക്കൾക്കായി തിരക്കുകൾ മാറ്റിവെച്ചു. ഫുട്ബോളിനോട് താത്പര്യമുള്ള അവർ പിന്നീട് മക്കളുടെ കളി കാണുന്നതിനൊപ്പം ഒന്നിച്ച് കളിക്കാൻ തുടങ്ങി. ആ കൂട്ടായ്മയാണ് 'അച്ഛാസ്'.