കേസന്വേഷണ വിവരം മാദ്ധ്യമങ്ങൾക്ക് നൽകരുത്: ഡി.ജി.പി

Saturday 01 November 2025 12:46 AM IST

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ കേസുകളുടെ അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുത്. നിർദ്ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിലുണ്ട്.

അടുത്തിടെ ഒരു കേസ് പരി​ഗണിച്ചപ്പോൾ പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞതും അത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്തു പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അന്വേഷണ ഘട്ടത്തിൽ ഉ​ദ്യോ​ഗസ്ഥർ കേസിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ സർക്കുലർ. ശബരിമല സ്വർണക്കൊള്ള കേസിലും അന്വേഷണ വിവരങ്ങൾ ചോരരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.