എസ്.എസ്. കെ ഫണ്ട് പ്രതിസന്ധി: വി.ശിവൻകുട്ടി, കേന്ദ്രമന്ത്രിയെ കാണും
തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനെ കാണും. പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനിടയിലാണിത്.
ധർമ്മേന്ദ്ര പ്രധാൻ ബീഹാർ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. നവംബർ പത്തിന് അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാവും കൂടിക്കാഴ്ച.സെക്കൻഡറി വിദ്യാഭ്യാസത്തെക്കുറിച്ച് യുണിസെഫ് മേഖലാ സമ്മേളനത്തിനെത്തിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അഡീഷണൽ സെക്രട്ടറി ധീരജ് സാഹുവുമായി മന്ത്രി ഇന്നലെ ചർച്ച നടത്തി. ഇതിനകം നൽകിയിട്ടുള്ള പദ്ധതി ശുപാർശകൾ അംഗീകരിച്ച് തുക ലഭ്യമാക്കാനുള്ള നടപടികൾ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷും ചർച്ചയിൽ പങ്കെടുത്തു.
പിഎംശ്രീ വിവാദങ്ങളിൽപ്പെട്ട് എസ്.എസ്.കെ ഫണ്ട് ഇനിയും കേന്ദ്രം തടഞ്ഞുവയ്ക്കുമോയെന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. ധാരണാപത്രം ഒപ്പിട്ടപ്പോൾ ഈ വർഷത്തെ കേന്ദ്രവിഹിതത്തിൽ 319 കോടി ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ പദ്ധതി ശുപാർശകൾ നൽകിയെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല.