2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി: മന്ത്രി രാജൻ

Saturday 01 November 2025 12:07 AM IST

തൃശൂർ: സംസ്ഥാനത്ത് 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സാധിച്ചെന്ന് മന്ത്രി കെ. രാജൻ. ടൗൺഹാളിൽ സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷൻ മുന്നോട്ടുപോകുന്നത്. റവന്യുവകുപ്പിന്റെ ചരിത്രത്തിൽ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണിത്. 2031ൽ സംസ്ഥാനം രൂപീകൃതമായതിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ ഭൂമി വിഷയങ്ങളിൽ തർക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളയുടെ ഭാഗമായി 10,002 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. 532 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ റീസർവേ പൂർത്തിയായി. റീസർവേ പൂർത്തിയായ പഞ്ചായത്തുകളിൽ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാട്ടി നടത്താനാകില്ല. റവന്യു,രജിസ്‌ട്രേഷൻ,സർവേ എന്നീ വകുപ്പുകളുടെ പോർട്ടലുകൾ ബന്ധിപ്പിച്ച 'എന്റെ ഭൂമി' എന്ന പോർട്ടലിലൂടെ എല്ലാ നടപടികളും പൂർത്തിയാക്കാനാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്,സേവ്യർ ചിറ്റിലപ്പിള്ളി,ലാൻഡ് ബോർഡ് സെക്രട്ടറി സബിൻ സമീദ്,കളക്ടർ അർജുൻ പാണ്ഡ്യൻ,സബ് കളക്ടർ അഖിൽ വി.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.