സീ പ്ലെയിൻ: കേരളത്തിന് 48 റൂട്ടുകൾ അനുവദിച്ചു

Saturday 01 November 2025 12:08 AM IST

തിരുവനന്തപുരം: സീപ്ലെയിൻ സർവീസിന് കേരളത്തിന് 48 റൂട്ടുകൾ കേന്ദ്ര ഏവിയേഷൻ വകുപ്പ് അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.അഹമ്മദാബാദ് ആസ്ഥാനമായ ഇന്ത്യ വൺ എയർ, മെഹ്‌എയർ, പി.എച്ച്.എൽ, സ്പൈസ് ജെറ്റ് എയർലൈനുകൾക്കാണ് റൂട്ടുകൾ അനുവദിച്ചത്. കൊച്ചിയിൽ നിന്ന് ഇടുക്കിയിലെ മാട്ടുപെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കാൻ കടമ്പകളേറെ മറികടക്കാനുണ്ടെന്നും ഡാമുകളിലൂടെയുള്ള സീപ്ലെയിൻ പദ്ധതി ഭാവിയിൽ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിലൂടെയാണ്‌ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്‌ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളിൽ വാട്ടർഡ്രോമുകൾ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.വരും ദിവസങ്ങളിൽ ഇത് അന്തിമമായി പുറത്തിറക്കും. നാലു വിമാനത്താവളങ്ങളെ പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള വാട്ടർ ഡ്രോമുകളുമായി ബന്ധിപ്പിക്കുന്നതോടെ ഈ ശൃംഖല വലിയ വിനോദ സഞ്ചാര സാധ്യതകൾക്ക് വഴി തുറക്കും. ഇത്തരം അത്യാധുനിക സഞ്ചാര മാർഗങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുകയും പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ടൂറിസം സാധ്യതകൾ പരിശോധിച്ചാണ് വിവിധ റൂട്ടുകൾ അനുവദിക്കുന്നത്. കൂടുതൽ സർവീസും അനുവദിക്കും. സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കും.സർവീസ് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡി ഹാവില്ലൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.

എന്താണ് സീപ്ലെയിൻ വെള്ളത്തിലൂടെ നീങ്ങി പറന്നുയരുകയും വെള്ളത്തിൽത്തന്നെ ലാൻഡ്‌ ചെയ്യാനും കഴിയുന്ന ചെറുവിമാനങ്ങളാണ് സീപ്ലെയിൻ. 10 മുതൽ 25 വരെ സീറ്റുകളുണ്ടാകും. 30 സീറ്റുള്ളവയുമുണ്ട്‌. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച്‌ വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തിൽപ്പോലും സുരക്ഷിതമായി ഇറങ്ങാനാകും.