രാഷ്ട്രീയ എതിർപ്പിൽ നഷ്ടം 16,000 കോടി, വിവിധ കേന്ദ്ര പദ്ധതികളിലൂടെ
തിരുവനന്തപുരം: കർക്കശമായ രാഷ്ട്രീയ നിലപാടുകളിലും എതിർപ്പുകളിലും കുടുങ്ങി കേരളത്തിന് നഷ്ടമായത് വിവിധ കേന്ദ്ര പദ്ധതികളിലൂടെ 16,000 കോടിയിലേറെ രൂപ. പി.എം ഉഷ പദ്ധതിയിൽ ഒപ്പിടാൻ വൈകിയതും യു.ജി.സി ശമ്പള പരിഷ്കരണ കുടിശിക ചോദിക്കാൻ വൈകിയതും ആയുഷ്മാൻ ഭാരതിൽ അധികഫണ്ട് തർക്കവും കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ ഉടക്കുമൊക്കെ കാരണം പലഘട്ടങ്ങളിലെ കേന്ദ്രവിഹിതം മുടങ്ങിയതടക്കമാണിത്. ഒപ്പിട്ടശേഷം താത്കാലികമായി മരവിപ്പിച്ചതിലൂടെ 1466 കോടിയുടെ പി.എം ശ്രീ ഫണ്ടും വൈകിയേക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ക്ഷേമപദ്ധതികളും ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങാതെ കൊടുക്കാൻ സംസ്ഥാനം കഷ്ടപ്പെടുമ്പോഴാണിത്. സർവകലാശാലകൾക്കുള്ള പി.എം ഉഷ പദ്ധതിയിൽ ഒപ്പിടാൻ വൈകിയതുകാരണം ആദ്യഘട്ട ഫണ്ട് കിട്ടിയില്ല. നാലു കോളേജുകൾക്ക് അനുവദിച്ച 11 കോടിയും നടപടികളിലെ മെല്ലെപ്പോക്കു കാരണം നഷ്ടമായി.
പാവപ്പെട്ടവർക്ക് 5 ലക്ഷത്തിന്റെ ചികിത്സാ സൗജന്യംകിട്ടുന്ന ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ നഷ്ടമായത് 160 കോടി. സംസ്ഥാനത്ത് കാസ്‌പ് എന്നപേരിൽ നടപ്പാക്കിയെങ്കിലും കഴിഞ്ഞവർഷം ഇത് പരിഷ്കരിച്ച് 70കഴിഞ്ഞവർക്ക് 5 ലക്ഷത്തിന്റെ ടോപ്പ് അപ്പ് ചികിത്സാസഹായം പ്രഖ്യാപിച്ചപ്പോൾ കേരളം ഫണ്ടിൻമേൽ തർക്കമുന്നയിച്ച് മാറി നിന്നതോടെയാണിത്.
കാപ്പക്സിലും നഷ്ടം
1. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പലിശയില്ലാതെ 50 വർഷം തിരിച്ചടവ് സൗകര്യമുള്ള വായ്പാപദ്ധതിയാണ് 2020ൽ തുടങ്ങിയ കാപ്പിറ്റൽ എക്സ്‌പെൻഡിച്ചർ ഫണ്ട് (കാപ്പക്സ്).
2. ആദ്യവർഷം 1954 കോടി കേരളത്തിന് ലഭിച്ചു. 2022-23 മുതൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് കേന്ദ്രം വിഹിതം തടഞ്ഞു. 2024-25ൽ 1,49,484 കോടി വിതരണം ചെയ്തപ്പോൾ കേരളത്തിന് ഒന്നും കിട്ടിയില്ല.
സ്മാർട്ട് മീറ്ററിൽ 9000കോടി
വൈദ്യുതി മേഖലയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കാത്തതുകാരണം നഷ്ടമാവുക 9000 കോടിയിലധികം. സ്മാർട്ട് മീറ്ററിൽ 2600കോടി. വിതരണരംഗം നവീകരിക്കുന്നതിനുള്ള രണ്ടാംഘട്ടത്തിന് 6600കോടി. സ്മാർട്ട് മീറ്റർ നടത്തിപ്പുകരാർ സ്വകാര്യ പങ്കാളിത്തമുള്ള റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷന് നൽകുന്നതിനോട് ഇടതു യൂണിയനുകൾക്കുള്ള എതിർപ്പാണ് തടസം.
കേരളത്തിന് നഷ്ടമായത്
(തുക കോടിയിൽ)
കാപ്പക്സ് പദ്ധതി...................................5000
പി.എംഉഷ (ഒന്നാംഘട്ടം)...................260
പി.എം ശ്രീ..........................................1466
യു.ജി.സി ശമ്പളപരിഷ്കരണം...........750
വൈദ്യുതി പരിഷ്കരണം.................... 9000
ആയുഷ്മാൻ ഭാരത് 70പ്ളസ്..............160
ആകെ.................................................16,636