തെരുവുനായ കേസ്: കേരള ചീഫ് സെക്രട്ടറിയും മൂന്നിന് ഹാജരാകണം
□കടുപ്പിച്ച് സുപ്രിം കോടതി
ന്യൂഡൽഹി: തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. നോട്ടീസിന് മറുപടി നൽകാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സർക്കാരുകളും മുനിസിപ്പൽ കോർപ്പറേഷനുകളും പരിഹരിക്കേണ്ട പ്രശ്‌നങ്ങൾക്ക കോടതി സമയം പാഴാക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണ്.. സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവർ അതിൻമേൽ ഉറങ്ങുന്നു. കോടതിയുടെ ഉത്തരവിനെ
മാനിക്കുന്നില്ല.തെരുവുനായ പ്രശ്‌നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. നായകളെ പിടി കൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന് ജസ്റ്റിസ് ജെ.ബി പർദ്ദിവാല അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ജസിറ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ ബെഞ്ച് ആഗസ്ത് 22ന് ഉത്തരവിൽ ചില മാറ്റങ്ങൾ വരുത്തിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ തെലങ്കാനയും, പശ്ചിമ ബംഗാളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്.