തിരഞ്ഞെടുപ്പ് പ്രചാരണം ഹരിതചട്ടം കർശനമാക്കും, പാർട്ടിക്കാരുടെ കീശകീറും
പ്രകൃതി സൗഹൃദ സാമഗ്രികൾക്ക് വൻ വില
കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നിർദ്ദേശം രാഷ്ട്രീയ പാർട്ടികളുടെ കീശകീറും. പ്രകൃതി സൗഹൃദ സാമഗ്രികളുടെ വൻ വിലയാണ് കാരണം.
നൂറു ശതമാനം തനി കോട്ടൺ, പേപ്പർ, പോളി എഥിലിൻ (പി.ഇ മെറ്റീരിയൽ) എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്നാണ് നിബന്ധന. പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിപണിയിൽ നിലവിലുള്ളതും വില കൂടുതലുമായ പരിസ്‌ഥിതി സൗഹൃദ മെറ്റീരിയലുകൾ പ്രിന്റിംഗിന് ഉപയോഗിക്കേണ്ടി വരും. ഫ്ളക്‌സ് നിർമ്മിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ് അപകടകാരിയായ ഒരു രാസപദാർഥമാണ്. പി.വി.സിയിൽ ക്ലോറിൻ കൂടി ഉള്ളതിനാൽ അത് കത്തുമ്പോൾ വിഷവാതകങ്ങളായ ഡയോക്‌സിനും ഫ്യൂറാനും ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ പുറത്തുവരും. എന്നാൽ പോളി എഥിലിൻ ഉപയോഗിച്ചുള്ള പരസ്യ ബോർഡുകൾ ഉപയോഗശേഷം റീസൈക്ലിംഗ് നടത്താനാവും. പാരിസ്ഥിതിക ദോഷവുമില്ല. തിരഞ്ഞെടുപ്പിനു ശേഷം ഈ മെറ്റീരിയലുകൾ ശേഖരിച്ച് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ ഉടമസ്ഥതയിൽ കണ്ണൂരിലുള്ള യൂണിറ്റിൽ പുനരുപയോഗ പ്രക്രിയയ്ക്ക് വിധേയമാക്കാനുമാവും. പോളി എഥിലിൻ പ്രധാനമായും തായ്ലൻഡിൽ നിന്നാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ഹരിതാഭം തിരഞ്ഞെടുപ്പ്
ബാനറുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ പ്രിന്റ് ചെയ്യുന്നവരും ഡീലർമാരും പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തണം
നിരോധിത ഫ്ലക്സുകൾക്ക് പകരം മലീനകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത, റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയലുകളിൽ പി.വി.സി ഫ്രീ, റീസൈക്കിളബിൾ ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ, ക്യു.ആർ കോഡ് എന്നിവ പതിച്ചിരിക്കണം
ഇവ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് അതത് വിതരണ, പ്രിന്റിംഗ് സ്ഥാപനങ്ങൾ ഉറപ്പാക്കണം
രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണം
ഹരിതചട്ടം പാലിക്കാൻ സ്‌ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സഹകരിക്കണമെന്ന് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംസഥാന ജനറൽ സെക്രട്ടറി സഞ്ജയ് പണിക്കർ, ജില്ലാ പ്രസിഡന്റ് സന്തോഷ് ഹോൾമാർക്ക്, സെക്രട്ടറി ദൃശ്യ സജീവ്, ട്രഷറർ നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവർ പറഞ്ഞു.
പുതുക്കിയ നിരക്കുകൾ (ചതുരശ്ര അടി)
തുണിയിലെ പ്രിന്റിംഗ്: 25 രൂപ
ബോർഡ് ആക്കുമ്പോൾ: 40 രൂപ
പോളി എഥിലീൻ പ്രിന്റിംഗ്: 35 രൂപ
ബോർഡ് ആക്കുമ്പോൾ: 50 രൂപ