ദേശീയപാതയിലെ 11 അടിപ്പാതകളുടെ പണികൾ നീളുന്നു

Saturday 01 November 2025 1:14 AM IST

ആലത്തൂർ: ദേശീയപാത 544ൽ നിർമ്മിക്കുന്ന 11 അടിപ്പാതകളുടെ പണികൾ അനന്തമായി നീളുന്നു. കരാർ കാലാവധി ഇന്നലെ അവസാനിച്ചപ്പോഴും പലയിടങ്ങളിലെയും നിർമ്മാണ ജോലികൾ പകുതിപോലും പൂർത്തിയായിട്ടില്ല. പി.എസ്.ടി കമ്പനിയാണ് അടിപ്പാത നിർമാണത്തിന് 383 കോടി രൂപയുടെ കരാർ ഏറ്റെടുത്തത്. നിർമ്മാണം നീളുകയും ദേശീയപാതയിൽ ഗതാഗത സ്തംഭനം തുടർക്കഥയാവുകയും ചെയ്തതോടെ ഹൈക്കോടതി ഇടപെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവോടെ പിരിവ് വീണ്ടും തുടങ്ങി.

പാലക്കാട് ജില്ലയിൽ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലും ജില്ലാ അതിർത്തിയായ വാണിയമ്പാറയിലും അടിപ്പാത നിർമ്മാണം നടക്കുന്നുണ്ട്. എന്നാൽ, നാമമാത്രമായ പണികളാണു നടക്കുന്നത്. നിർമ്മാണം വേഗത്തിലാക്കുന്നതിനു തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കണമെന്നു കളക്ടർ നിർദേശിച്ചെങ്കിലും നടപടികൾ വേഗത്തിലായില്ല. നിർമ്മാണ കാലാവധി കഴിഞ്ഞാൽ പിഴ ചുമത്താൻ ദേശീയപാത അതോറിറ്റിക്കു കഴിയും. എന്നാൽ, മഴ ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞു കാലാവധി നീട്ടിവാങ്ങാനുള്ള ശ്രമമാണു നിർമാണ കമ്പനി നടത്തുന്നത്.

 കോടതിയെ സമീപിക്കുമെന്ന് അടിപ്പാത നിർമ്മാണത്തിൽ ദേശീയപാത അതോറിറ്റിയും നിർമ്മാണ കമ്പനിയും ഒത്തു കളിക്കുകയാണെന്നും കോടതിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അഡ്വ.ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഈ മാസം മൂന്നിനു കോടതി കേസ് പരിഗണിക്കും. ഷാജിയുടെ ഹർജി പരിഗണിച്ചാണ് പാലിയേക്കരയിൽ ടോൾ പിരിവു നിറുത്തിവച്ചത്‌. ദേശീയപാതയുടെ നിലവിലെ അവസ്ഥ ഹൈക്കോടതിയെ അറിയിക്കും.