മന്ത്രി ശിവൻകുട്ടിയെ കണ്ട് മന്ത്രി അനിൽ

Saturday 01 November 2025 12:19 AM IST

തിരുവനന്തപുരം: പി.എംശ്രീ വിഷയത്തിൽ പരസ്പരം കൊമ്പുകോർത്ത മന്ത്രിമാർ ഇന്നലെ നേരിൽ കണ്ടപ്പോൾ പരിഭവത്തിന്റെ മഞ്ഞുരുകി. മന്ത്രി ജി.ആർ അനിൽ ഇന്നലെ രാവിലെ മന്ത്രി വി.ശിവൻകുട്ടിയെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ സന്ദർശിച്ചു.

പി.എംശ്രീ പദ്ധതിയിൽ ഒപ്പു വച്ച സാഹചര്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ധരിപ്പിക്കാൻ എം.എൻ. സ്മാരകത്തിൽ എത്തിയപ്പോൾ , മന്ത്രി ജി.ആർ അനിൽ നടത്തിയ പരാമർശം തനിക്ക് വിഷമമുണ്ടാക്കിയതായി ശിവൻകുട്ടി പറഞ്ഞിരുന്നു. മന്ത്രി അനിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നായിരുന്നു പരിഭവം. എന്നാൽ താൻ അദ്ദേഹത്തെ അവഹേളിക്കാൻ ശ്രമിച്ചില്ലെന്നും മന്ത്രി ശിവൻകുട്ടിക്ക് എന്തെങ്കിലും വിഷമമുണ്ടായെങ്കിൽ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും അനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സി.പി.ഐ നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അനിൽ കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. പി.എം ശ്രീ വിഷയത്തിൽ രണ്ട് പാർട്ടികൾക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.