പോളിംഗ് ക്യൂവിൽ വോട്ടർക്ക് ഇരിപ്പിടം ഹൈക്കോടതി നിർദേശം തദ്ദേശ തിരഞ്ഞെടുപ്പിന് ബാധകം വീട്ടിലിരുന്ന് ക്യൂ വിവരം അറിയാൻ ആപ്പ് വേണം
കൊച്ചി: പോളിംഗ് ബൂത്തിൽ വോട്ടർമാരെ മണിക്കൂറുകളോളം ക്യൂ നിറുത്തിവലയ്ക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം.
ക്യൂവിൽ ഇരിപ്പിടങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെടുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും ഹൈക്കോടതി. ബൂത്തുകൾ സ്കൂളുകളിലോ ഓഫീസുകളിലോ ആയതിനാൽ അവിടത്തെ കസേരകളും ബെഞ്ചുകളും ഉപയോഗിക്കാം. നിൽക്കാൻ താത്പര്യപ്പെടുന്നവർക്ക് അതുമാകാം. തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
പോളിംഗ് ബൂത്തിലെ തിരക്ക് വോട്ടർക്ക് വീട്ടിലിരുന്ന് അറിയാൻ കഴിയുന്ന വിധം മൊബൈൽ/വെബ് ആപ്പ് പരിഗണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി.
ക്യൂ നീങ്ങുന്നതിലെ സമയവും കാത്തുനിൽക്കുന്നവരുടെ എണ്ണവും അറിയിക്കുന്ന ആപ്പ് തയ്യാറാക്കുന്നതിന് ഹൈക്കോടതി ഐ.ടി. വിഭാഗം സമർപ്പിച്ച മാതൃകാ നിർദ്ദേശങ്ങൾ ഉത്തരവിൽ ചേർത്തു. കമ്മിഷൻ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് ഈ തിരഞ്ഞെടുപ്പിൽ നടപ്പാക്കണം.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ ബൂത്തുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിൽ ഇടപെട്ടില്ല. ഭാവി തിരഞ്ഞെടുപ്പുകളിൽ പരിഗണിക്കണം.
ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു ബൂത്ത് എന്ന് പരിമിതപ്പെടുത്തിയതു കാരണം മുതിർന്ന പൗരന്മാരടക്കം നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വൈക്കം സ്വദേശി എൻ.എം. താഹയും (79), തൃശൂർ പോർക്കുളം പഞ്ചായത്തിൽ അധിക ബൂത്തുകൾ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.വി. ബാലചന്ദ്രനും സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നുവെന്ന് കമ്മിഷൻ ഉറപ്പാക്കണം.
40 സെക്കൻഡിൽ എങ്ങനെ
വോട്ടിടൽ പൂർത്തിയാവും?
പോളിംഗ് ബൂത്തുകൾ കൂട്ടേണ്ടിവരുമെന്ന നിരീക്ഷണവും കോടതി നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികളെ ബാധിക്കുമെന്നതിനാൽ ഉടൻ വേണ്ട. എല്ലാവരും എത്താറില്ലെന്നാണ് കമ്മിഷന്റെ വാദം. ഇത് ജനാധിപത്യസംവിധാനത്തിൽ അംഗീകരിക്കാനാവില്ലെന്നും മുഴുവൻ വോട്ടർമാരും എത്തുമെന്ന കണക്കുകൂട്ടലിൽ വേണം ഒരുക്കങ്ങൾ നടത്താനെന്നും കോടതി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിൽ 1200 വോട്ടർക്ക് ഒരു ബൂത്ത്, നഗരസഭയിൽ 1500 വോട്ടർക്ക് ഒരു ബൂത്ത് എന്നിങ്ങനെയാണ് കമ്മിഷൻ പരിമിതപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് 6വരെ 11 മണിക്കൂറാണ് സമയം. 30-40 സെക്കൻഡുകളാണ് രജിസ്റ്ററിൽ ഒപ്പിടാനും വോട്ടുചെയ്യാനുമായി ലഭിക്കുക. ത്രിതല പഞ്ചായത്തുകളിലേക്ക് 3 വോട്ട് ചെയ്യുകയും വേണം. ഇത് അപര്യാപ്തവും അപ്രായോഗികവുമാണ്.
ജനാധിപത്യത്തിൽ വോട്ടറാണ് സൂപ്പർ സ്റ്റാറെന്ന് കോടതി പറഞ്ഞു. അവരെ ബഹുമാനിക്കണം. ബൂത്തിൽ പരിഗണന നൽകണം. നീണ്ട വരികണ്ട് വോട്ടവകാശം രേഖപ്പെടുത്താതെ മടങ്ങിയൽ അത് ജനാധിപത്യത്തിന്റെ മരണമണിയാണ്. തോൽക്കുന്നവരുണ്ടെങ്കിലേ ജയിക്കുന്നവരും ഉണ്ടാകൂയെന്നും, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നുമുള്ള ഗാന്ധിജിയുടെ ആശയവും ഉത്തരവിൽ പരാമർശിച്ചു.