 റേഷൻഡിപ്പോ കോഴക്കേസ് അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവച്ചു

Saturday 01 November 2025 12:21 AM IST

കൊച്ചി: റേഷൻ മൊത്തസംഭരണഡിപ്പോ അനുവദിക്കാൻ 25 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസിൽ മുൻ ഭക്ഷ്യമന്ത്രി അടൂർ പ്രകാശ് എം.പി ഉൾപ്പെടെ അഞ്ചുപേരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. അടൂർ പ്രകാശിനു പുറമെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. രാജു, മുൻ ജില്ലാ സപ്ലൈ ഓഫീസർ ഒ. സുബ്രഹ്മണ്യൻ, മുൻ താലൂക്ക് സപ്ലൈ ഓഫീസർ കെ.ആർ. സഹദേവൻ, ഡിപ്പോയ്ക്ക് അപേക്ഷിച്ച കെ.ടി. സമീർ നവാസ് എന്നിവരെ കോഴിക്കോട് വിജിലൻസ് കോടതിയാണ് കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സർക്കാർ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2005ൽ കോഴിക്കോട് ഓമശേരിയിൽ റേഷൻഡിപ്പോ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന കോൺഗ്രസ് നേതാവ് എൻ.കെ. അബ്ദുറഹ്മാന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. 2005 ഡിസംബർ മൂന്നിന് തിരുവനന്തപുരത്ത് വീട്ടിലും ആറിന് കോഴിക്കോട് ഗസ്റ്റ് ഹൗസിലും വച്ച് അടൂർ പ്രകാശും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് 25 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അബ്ദുറഹ്മാന്റെ അപേക്ഷതള്ളി സമീർ നവാസിന് ഡിപ്പോ അനുവദിച്ചത് കൈക്കൂലി കൊടുക്കാത്തതുകൊണ്ടാണെന്നായിരുന്നു ആരോപണം. എന്നാൽ പരാതി നിലനിൽക്കില്ലെന്നുകണ്ട് സാക്ഷിവിസ്താരത്തിനുമുമ്പേ വിജിലൻസ് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഉത്തരവ് വന്ന് 475 ദിവസം വൈകിയാണ് സർക്കാർ റിവിഷൻഹർജി നൽകിയത്.