ആക്രിയിൽ നിന്ന് സോളാർ കാർ

Saturday 01 November 2025 12:34 AM IST

കൊല്ലം: ഉപയോഗശൂന്യമെന്ന് കരുതി ഒഴിവാക്കുന്ന ആക്രിയിൽ നിന്ന് കിടിലൻ സോളാർ കാർ നിർമ്മിച്ചാണ് വെണ്ടാർ എസ്.വി.എം.എം.എച്ച്.എസ്.എസി​ലെ പ്ലസ് ടു വിദ്യാർത്ഥികളായ എ.എസ്.അഭിമന്യുവും നവീൻകിഷോറും ഇത്തവണത്തെ ജില്ലാ ശാസ്ത്രമേളയ്ക്ക് എത്തിയത്.

ആക്രിക്കടകൾ കയറിയിറങ്ങി ശേഖരിച്ച ടയറുകളും സ്റ്റിയറിംഗുമൊക്കെ സ്വന്തമായി തുണ്ടു കമ്പികൾ യോജിപ്പിച്ചെടുത്ത ആക്സിലിലും ഫ്രെയിമിലും അവർ ഘടിപ്പിച്ചു. മ്യൂസിക് സിസ്റ്റമുൾപ്പെട്ട ഇൻഫോടെയ്ൻമെന്റ് സംവിധാനവും സീറ്റ്ബെൽറ്റുമൊക്കെ പിടിപ്പിച്ച വാഹനം പൂർണ്ണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. സോളാർ പാനലുപയോഗിച്ചും ചാർജ്ജിംഗ് സ്റ്റേഷനിലും വാഹനം ചാർജ് ചെയ്യാം. സ്കൂളിലെ സ്കിൽ ടു വെഞ്ച്വർ ലാബിലെ ഉപകരണങ്ങളും കാർ നിർമ്മാണത്തിന് ഉപയോഗിച്ചു. 'സോളാറൈഡ്' എന്ന് പേരിട്ട കാറിൽ പവർ സ്റ്റിയറിംഗ്, പവർ ബ്രേക്കിംഗ്, ആട്ടോമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളാണുളളത്. കുണ്ടറയാണ് ഇരുവരുടെയും സ്വദേശം. എ ഗ്രേഡ് നേടിയാണ് മടക്കം.