ഫാത്തിമാത കോളേജ് വജ്രജൂബിലി: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Saturday 01 November 2025 12:35 AM IST

കൊല്ലം: കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിന്റെ വജ്രജൂബിലി ആഘോഷം 3ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2.50ന് തുടങ്ങുന്ന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ, കാെല്ലം രൂപത ബിഷപ്പ് റവ.ഡോ.പോൾ ആന്റണി മുല്ലശേരി എന്നിവർ മുഖ്യാതിഥികളാകും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സിന്ധ്യ കാതറിൻ മൈക്കിൾ സ്വാഗതവും മാനേജർ റവ.അഭിലാഷ് ഗ്രിഗറി നന്ദിയും പറയും. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ്, പി.സി.വിഷ്ണുനാഥ്, ഡോ.സുജിത്ത് വിജയൻ പിള്ള, കോവൂർ കുഞ്ഞുമോൻ, മേയർ ഹണി ബെഞ്ചമിൻ, കൗൺസിലർ സവാദ്, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മേൽ, രൂപത മുൻ ബിഷപ്പ് റവ.ഡോ.സ്റ്റാൻലി റോമൻ എന്നിവർ പങ്കെടുക്കും.

ഉദ്ഘാടന സെഷന് ശേഷം മ്യൂസിക് ബാൻഡും ഉണ്ടാകും. ആഘോഷ പരിപാടികൾ ഒരു വർഷത്തോളം നീണ്ടു നി​ൽക്കും. കല, കായിക, സാംസ്കാരികം, സേവനം, സെമിനാർ, ഫെസ്റ്റ് തുടങ്ങി വിവിധ മേഖലകളിലായി 75 പരിപാടികൾ അരങ്ങേറും. വജ്രജൂബിലി സ്മാരക മന്ദിരവും നിർമ്മിക്കും. പത്രസമ്മേളനത്തിൽ മാനേജർ റവ.ഡോ.അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രൊഫ.സിന്ധ്യ കാതറിൻ മൈക്കിൾ, സ്റ്റാൻസിലസ്, മനോജ് കുമാർ എന്നിവർ പങ്കെടുത്തു.