പുത്തൻവേലിക്കര മാനഭംഗക്കൊല അസാം സ്വദേശിയെ വെറുതേവിട്ട് ഹൈക്കോടതി

Saturday 01 November 2025 3:33 AM IST

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ അറുപതുകാരിയായ വിധവയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. അസാം നൊഗാവ് സ്വദേശി പരിമൾ സാഹുവിനെയാണ് (29) ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വെറുതേവിട്ടത്. നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതിയുടെ 2021ലെ ഉത്തരവ് റദ്ദാക്കിയാണിത്.

മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ ബുദ്ധിമാന്ദ്യമുള്ള മകന്റെ മൊഴി വിശ്വാസത്തിലെടുത്ത വിചാരണക്കോടതിക്ക് പിഴവുപറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വധശിക്ഷ നടപ്പാക്കാൻ അനുമതിതേടി സർക്കാർ നൽകിയ ഹർജിതള്ളിയും ശിക്ഷയ്ക്കെതിരായ പ്രതിയുടെ അപ്പീൽ അനുവദിച്ചുമാണിത്.

2018 മാർച്ച് 18ന് അർദ്ധരാത്രിക്ക് ശേഷമായിരുന്നു കൊലപാതകം. ഗുരുതര പരിക്കുകളോടെ വീടിനുള്ളിൽ വിവസ്ത്രയായി കിടക്കുന്ന നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം. ഇവർ വാടകയ്ക്ക് നൽകിയിരുന്ന മുറിയിൽ താമസിച്ചിരുന്ന മുന്ന എന്ന പരിമൾസാഹു തുടർന്ന് പിടിയിലായി. മാനഭംഗശ്രമം ചെറുത്തപ്പോൾ കല്ലുകൊണ്ട് അടിച്ചും കഴുത്തിൽ തുണിമുറുക്കിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. മുന്ന വീട്ടിലുണ്ടായിരുന്നുവെന്ന് സ്ത്രീയുടെ മകൻ പറഞ്ഞതടക്കം കണക്കിലെടുത്തായിരുന്നു അറസ്റ്റ്. വിചാരണക്കോടതി പരമാവധി ശിക്ഷ നൽകി.

എന്നാൽ പ്രോസിക്യൂഷൻ തെളിവുകൾ പ്രതിക്ക് അനുകൂലമായെന്ന് ഹൈക്കോടതി വിലയിരുത്തി. ഏക ദൃക്‌സാക്ഷിയായ മകന് 35 വയസുണ്ടെങ്കിലും ഏഴരവയസുകാരന്റെ ബുദ്ധിയാണെന്ന് പരിശോധനയിൽ വ്യക്തമായി. മൊഴികളിലും വിസ്താരത്തിലും യുവാവ് പറഞ്ഞതിലെ പൊരുത്തക്കേടുകളും വിചാരണക്കോടതി അവഗണിച്ചു. ഈ സാക്ഷിമൊഴി കണക്കിലെടുക്കാനാകില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കോടതിയിലല്ല,മറിച്ച് ഡോക്ടർമാർക്ക് മുമ്പിൽ പ്രതി നടത്തിയതായി പറയുന്ന കുറ്റസമ്മതവും തെളിവായി ഉന്നയിച്ചു. മൃതദേഹത്തിലെ പരിക്ക് വിലയിരുത്തുന്നതിന് പ്രതിയെ ദന്തഡോക്ടറുടെ പക്കലാണ് കൊണ്ടുപോയത്. കണ്ടെടുത്ത ബീജം പ്രതിയുടേയാണെന്ന് വിലയിരുത്താൻ പര്യാപ്തമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച കല്ല് കണ്ടെടുത്ത രീതിയും സംശയകരമാണ്. ഇതെല്ലാം പ്രതി നിരപരാധിയാണെന്ന് വിലയിരുത്താൻ ഉതകുന്ന കാര്യങ്ങളാണെന്ന് വ്യക്തമാക്കിയാണ് വെറുതേവിട്ടത്.